
ആലപ്പുഴ സീറ്റ് ലക്ഷ്യമിട്ട് തോമസ് ഐസക്ക്. ഐസക്കിനെ വെട്ടിയാണ് പി.പി. ചിത്തരജ്ഞൻ കഴിഞ്ഞ തവണ ആലപ്പുഴയിൽ എൽ.ഡി എഫ് സ്ഥാനാർത്ഥി ആയത്. 2016 ൽ 31032 വോട്ടിന് ഐസക്ക് ജയിച്ച ആലപ്പുഴയിൽ എൽ.ഡി.എഫ് തരംഗം ആഞ്ഞടിച്ച 2021 ൽ പി.പി ചിത്തരജ്ഞന് ജയിച്ചത് 11644 വോട്ടിനാണ്.ഐസക്കിൻ്റെ സ്ഥാനത്ത് ചിത്തരജ്ഞനെ കാണാൻ ആലപ്പുഴയിലെ ജനങ്ങൾക്ക് സാധിച്ചില്ല. ചിത്തരജ്ഞൻ്റെ ഭൂരിപക്ഷം കുറഞ്ഞതിന്റെ കാരണവും മറ്റൊന്നല്ല.
2026 ൽ ഐസക്കിന് ആലപ്പുഴയിൽ സീറ്റ് കിട്ടുക എളുപ്പമുള്ള കാര്യമല്ല. പിണറായി തണലിൽ കരുത്തനായ മുഹമ്മദ് റിയാസിൻ്റെ ക്യാമ്പിലാണ് പി.പി. ചിത്തരജ്ഞൻ. ആലപ്പുഴയിൽ 2021 ൽ സീറ്റ് നിഷേധിച്ചതിന് പിന്നാലെ രാജ്യസഭ സീറ്റ് ലക്ഷ്യമിട്ട ഐസക്കിൻ്റെ പേര് വെട്ടിയതും മുഹമ്മദ് റിയാസ് ആയിരുന്നു. ഐസക്ക് മോഹിച്ച രാജ്യസഭ സീറ്റ് റിയാസിൻ്റെ പിന്തുണയോടെ എ.എ. റഹീം റാഞ്ചി കൊണ്ട് പോയി. ഇത് കണ്ട് നിൽക്കാനേ ഐസക്കിന് സാധിച്ചിരുന്നുള്ളു.
തുടർന്ന് ഇടഞ്ഞ് നിന്ന ഐസക്കിനെ മെരുക്കി പാർലമെന്റ് തെരഞ്ഞെടുപ്പിൽ പിണറായി പത്തനംതിട്ടയിലേക്ക് പരീക്ഷിച്ചു. കാടിളക്കി പ്രചരണം നടത്തിയെങ്കിലും ആന്റെ ആന്റണിയുടെ മുന്നിൽ ഐസക്ക് ദയനീയമായി പരാജപ്പെട്ടു.ഏതാനും മാസം മുൻപ് സർക്കാരിൻ്റെ വിജ്ഞാന കേരളം എന്ന പദ്ധതിയുടെ തലവനായി ഐസക്കിനെ നിയമിച്ചു. നിയമനം കോടതിയിലും ചോദ്യം ചെയ്യപ്പെട്ടതോടെ ഐസക്ക് വീണ്ടും നാണം കെട്ടു.
സീറ്റ് നിഷേധിച്ച ആലപ്പുഴ വഴി നിയമസഭയിൽ എത്താനാണ് ഐസക്കിൻ്റെ നീക്കം. പാർട്ടി സെക്രട്ടറി എം.എ. ബേബിയുടെ പിന്തുണ ഐസക്കിനുണ്ട്.ഭരണ വിരുദ്ധ വികാരം ശക്തമായതിനാൽ ആലപ്പുഴയിൽ ജയിച്ചു കയറുക ഇത്തവണ എളുപ്പമല്ല. ഭരണം പോകുമെന്ന് ഉറപ്പായ സ്ഥിതിക്ക് ആലപ്പുഴ സീറ്റിന് വേണ്ടി ഐസക്ക് ഇടിക്കുന്നത് പ്രതിപക്ഷ നേതാവ് കസേര ലക്ഷ്യമിട്ടാണ് എന്നാണ് ലഭിക്കുന്ന സൂചന. ഐസക്കിൻ്റെ മോഹങ്ങൾക്ക് റിയാസിന് വേണ്ടി പിണറായി ചെക്ക് വയ്ക്കുമോ എന്ന് കാത്തിരുന്ന് കാണേണ്ടി വരും.