BusinessNews

2045-ൽ ഈ 3 ജോലികൾ മാത്രം ബാക്കിയാകും, ബാക്കിയെല്ലാം എഐ കൊണ്ടുപോകും; ഞെട്ടിക്കുന്ന മുന്നറിയിപ്പ്

ന്യൂഡൽഹി: മനുഷ്യന്റെ ഭാവിയെക്കുറിച്ച് ആശങ്കയുണർത്തുന്ന ഒരു മുന്നറിയിപ്പുമായി നിർമ്മിത ബുദ്ധി (എഐ) രംഗത്തെ വിദഗ്ദ്ധൻ. വരുന്ന രണ്ട് ദശാബ്ദത്തിനുള്ളിൽ, അതായത് 2045-ഓടെ, ലോകത്തെ ഭൂരിഭാഗം ജോലികളും എഐയും റോബോട്ടുകളും കൈയ്യടക്കുമെന്നും മനുഷ്യർക്ക് ചെയ്യാൻ വിരലിലെണ്ണാവുന്ന ജോലികൾ മാത്രമേ ബാക്കിയുണ്ടാകൂ എന്നുമാണ് പ്രവചനം. റിതിങ്ക്എക്സ് (RethinkX) എന്ന സ്ഥാപനത്തിലെ ഗവേഷണ ഡയറക്ടറായ ആദം ഡോറാണ് ഈ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്.

മനുഷ്യരെക്കാൾ കാര്യക്ഷമമായും വേഗത്തിലും ചെലവ് കുറഞ്ഞ രീതിയിലും ജോലികൾ ചെയ്യാൻ യന്ത്രങ്ങൾ പ്രാപ്തമായിക്കൊണ്ടിരിക്കുകയാണെന്ന് ആദം ഡോർ ഒരു അന്താരാഷ്ട്ര മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. മുൻകാലങ്ങളിലെ സാങ്കേതിക മുന്നേറ്റങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഈ വിപ്ലവം മനുഷ്യന്റെ അധ്വാനത്തെത്തന്നെയാണ് നേരിട്ട് ഇല്ലാതാക്കുന്നത്.

ഒരു പുതിയ സാങ്കേതികവിദ്യ പ്രചാരം നേടിയാൽ 15 മുതൽ 20 വർഷത്തിനുള്ളിൽ നിലവിലുള്ള സംവിധാനങ്ങളെ അത് പൂർണ്ണമായി മാറ്റിസ്ഥാപിക്കുമെന്നാണ് ചരിത്രം പഠിപ്പിക്കുന്നതെന്നും എഐയുടെ കാര്യത്തിൽ ഇതാണ് സംഭവിക്കാൻ പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഏതൊക്കെ ജോലികൾക്ക് അതിജീവനം?

ഏകദേശം എല്ലാ മേഖലകളിലെയും ജോലികൾ എഐ കൈയ്യടക്കുമ്പോൾ, മനുഷ്യന്റെ വൈകാരികമായ ഇടപെടലുകൾ, ധാർമ്മികമായ തീരുമാനങ്ങൾ, ആഴത്തിലുള്ള വിശ്വാസം എന്നിവ ആവശ്യമുള്ള ചുരുക്കം ചില ജോലികൾ മാത്രം നിലനിൽക്കുമെന്നാണ് ആദം ഡോർ പറയുന്നത്. അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്ന, എഐക്ക് കൈകടത്താൻ സാധിക്കാത്ത ആ ജോലികൾ ഇവയാണ്:

  • രാഷ്ട്രീയക്കാർ
  • ലൈംഗിക തൊഴിലാളികൾ
  • ധാർമ്മിക ഉപദേശകർ (Ethicists)

എന്നാൽ, ഈ മേഖലകൾക്ക് മാത്രം കോടിക്കണക്കിന് മനുഷ്യർക്ക് തൊഴിൽ നൽകാൻ സാധിക്കില്ലെന്നും ഇത് വലിയൊരു സാമൂഹിക പ്രതിസന്ധിക്ക് കാരണമായേക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.

ഭാവിയെക്കുറിച്ച് രണ്ട് സാധ്യതകൾ

ഈ മാറ്റത്തെ നേരിടാൻ പുതിയ സാമ്പത്തിക മാതൃകകൾ കണ്ടെത്തിയില്ലെങ്കിൽ ലോകം വലിയ അസമത്വത്തിലേക്ക് കൂപ്പുകുത്തും. അതേസമയം, മനുഷ്യന്റെ ആവശ്യങ്ങളെല്ലാം യന്ത്രങ്ങൾ നിറവേറ്റുന്ന ഒരു ‘സൂപ്പർ-അബണ്ടൻസ്’ കാലഘട്ടവും സാധ്യമാണ്. അങ്ങനെയെങ്കിൽ, പരമ്പരാഗത ജോലികളിൽ നിന്ന് മനുഷ്യൻ സ്വതന്ത്രനാകും. എന്നാൽ ഈ നല്ല ഭാവി യാഥാർത്ഥ്യമാകണമെങ്കിൽ, “ജോലി, മൂല്യം, ഉടമസ്ഥത എന്നിവയെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാടുകളിൽ ധീരമായ പരീക്ഷണങ്ങൾ” ആവശ്യമാണെന്നും ആദം ഡോർ പറഞ്ഞു.