
മുംബൈ: അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയിൽ ഏകദേശം 100 ബില്യൺ ഡോളറിന്റെ (ഏകദേശം 8.35 ലക്ഷം കോടി രൂപ) ഭീമമായ നിക്ഷേപം നടത്തുമെന്ന് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി പ്രഖ്യാപിച്ചു. രാജ്യത്തിന്റെ സ്വകാര്യമേഖലയുടെ ചരിത്രത്തിലെ അഭൂതപൂർവമായ നിക്ഷേപ പദ്ധതിയാണിതെന്നും, 140 കോടി ജനങ്ങളുടെ സ്വപ്നങ്ങൾക്ക് കരുത്തേകുന്ന ഇന്ത്യയുടെ വളർച്ചയ്ക്ക് ശക്തി പകരാനാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
മുംബൈയിൽ ഡോക്ടർമാരുടെ ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്യവെയാണ് അദാനിയുടെ സുപ്രധാന പ്രഖ്യാപനം. ഇന്ത്യയുടെ ഭാവിയെക്കുറിച്ചുള്ള അദാനി ഗ്രൂപ്പിന്റെ അചഞ്ചലമായ വിശ്വാസത്തിന്റെ പ്രകടനമാണ് ഈ നിക്ഷേപങ്ങൾ. രാജ്യത്തിന്റെ ഊർജ്ജ ശൃംഖല, ലോജിസ്റ്റിക്സ്, വ്യാവസായിക അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയ സുപ്രധാന മേഖലകളിലായിരിക്കും ഈ തുക വിനിയോഗിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
ഗുജറാത്തിലെ മുന്ദ്രയിൽ ഒരു ഉപ്പ് കയറ്റുമതി ജെട്ടിയിൽ നിന്ന് ആരംഭിച്ച്, ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ വിവിധോദ്ദേശ്യ തുറമുഖമായി മാറിയതിന്റെ വിജയഗാഥയും അദ്ദേഹം പങ്കുവെച്ചു. “ഒരു കാഴ്ചപ്പാടിന് ധൈര്യമുണ്ടാകുമ്പോൾ വിധി പോലും വഴിമാറും എന്നതിന്റെ തെളിവാണ് മുന്ദ്ര. ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ മൾട്ടി-കാർഗോ തുറമുഖം, ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ താപവൈദ്യുത നിലയം, ഇന്ത്യയിലെ ആദ്യത്തെ എച്ച്വിഡിസി ട്രാൻസ്മിഷൻ ലൈൻ, ഏറ്റവും വലിയ സൗരോർജ്ജ-കാറ്റാടി നിർമ്മാണ കേന്ദ്രം എന്നിവയെല്ലാം അവിടെയുണ്ട്,” അദാനി ചൂണ്ടിക്കാട്ടി.
പദ്ധതിയുടെ തുടക്കത്തിൽ അമേരിക്കൻ പങ്കാളി പിന്മാറിയപ്പോൾ, നിർമ്മാണ രംഗത്ത് യാതൊരു മുൻപരിചയവുമില്ലാതെ ചതുപ്പുനിലത്ത് സ്വന്തമായി തുറമുഖം നിർമ്മിക്കാൻ അദാനി ഗ്രൂപ്പ് മുന്നിട്ടിറങ്ങുകയായിരുന്നു. മുന്ദ്രയിലെ വിജയം തങ്ങൾക്ക് പരിധികൾക്കപ്പുറത്തേക്ക് നോക്കാൻ ധൈര്യം നൽകിയെന്നും, തരിശുഭൂമിയെ ലോകോത്തര നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങളാക്കി മാറ്റാൻ കഴിയുമെന്ന വിശ്വാസം നൽകിയെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് അദാനി ഗ്രൂപ്പ് ലോകത്തിലെ രണ്ടാമത്തെ വലിയ സൗരോർജ്ജ കമ്പനിയാണ്. 500 ചതുരശ്ര കിലോമീറ്ററിലധികം വ്യാപിച്ചുകിടക്കുന്ന 30 ജിഗാവാട്ടിന്റെ ലോകത്തിലെ ഏറ്റവും വലിയ ഹൈബ്രിഡ് റിന്യൂവബിൾ എനർജി പാർക്കും കമ്പനി നിർമ്മിക്കുന്നു. രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ എയർപോർട്ട് ഓപ്പറേറ്റർ കൂടിയായ അദാനി ഗ്രൂപ്പാണ് ഇന്ത്യയിലെ 25 ശതമാനത്തിലധികം വിമാന യാത്രക്കാരെയും 38 ശതമാനം എയർ കാർഗോയെയും കൈകാര്യം ചെയ്യുന്നത്. കൂടാതെ, രാജ്യത്തെ 30 ശതമാനം സമുദ്ര ചരക്ക് നീക്കം കൈകാര്യം ചെയ്യുന്ന ഏറ്റവും വലിയ തുറമുഖ-ലോജിസ്റ്റിക്സ് ശൃംഖലയും ഗ്രൂപ്പിന്റേതാണ്.
താപ-പുനരുപയോഗ ഊർജ്ജം, ട്രാൻസ്മിഷൻ, വിതരണം, എൽഎൻജി, എൽപിജി, സിഎൻജി, ബാറ്ററി സംഭരണം, ഹൈഡ്രജൻ ട്രക്കുകൾ, ഇവി ചാർജിംഗ് സ്റ്റേഷനുകൾ, ഖനനം, സിമന്റ്, എയ്റോസ്പേസ്, ഡാറ്റാ സെന്ററുകൾ തുടങ്ങി നിരവധി മേഖലകളിൽ അദാനി ഗ്രൂപ്പിന് ശക്തമായ സാന്നിധ്യമുണ്ട്.