
വാഷിംഗ്ടൺ: റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടരുന്ന ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളെ ലക്ഷ്യമിട്ട് അമേരിക്കയിൽ പുതിയ നിയമനിർമ്മാണം. റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങളിൽ നിന്നുള്ള എല്ലാ ഇറക്കുമതിക്കും 500% തീരുവ (Tariff) ചുമത്താൻ വ്യവസ്ഥ ചെയ്യുന്ന ‘സാംങ്ഷനിംഗ് റഷ്യ ആക്ട് 2025’ എന്ന ബില്ലാണ് യുഎസ് സെനറ്റിൽ അവതരിപ്പിച്ചത്. ഈ നിയമം പാസായാൽ, അത് ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയ്ക്ക് കനത്ത പ്രഹരമാകും. എന്നാൽ, ബില്ലിന്റെ നിലവിലെ രൂപത്തോട് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് തന്നെ വിയോജിപ്പുള്ളത് ഇന്ത്യയ്ക്ക് നേരിയ ആശ്വാസം നൽകുന്നു.
യുക്രെയ്ൻ യുദ്ധത്തിന്റെ പേരിൽ റഷ്യയെ സാമ്പത്തികമായി ഒറ്റപ്പെടുത്തുകയാണ് ബില്ലിന്റെ പ്രഖ്യാപിത ലക്ഷ്യം. യുഎസ് സെനറ്റർമാരായ ലിൻഡ്സെ ഗ്രഹാമും റിച്ചാർഡ് ബ്ലൂമെന്തലുമാണ് ഈ ബിൽ അവതരിപ്പിച്ചത്.
എന്തുകൊണ്ട് ട്രംപ് എതിർക്കുന്നു?
ബിൽ പാസാക്കാൻ താൻ തയ്യാറാണെങ്കിലും, അതിന്റെ പൂർണ്ണ നിയന്ത്രണം തനിക്ക് വേണമെന്നാണ് ട്രംപിന്റെ നിലപാട്. നിലവിൽ, തീരുവ ചുമത്തുന്നതിൽ പ്രസിഡന്റിന് സ്വന്തമായി തീരുമാനമെടുക്കാൻ പരിമിതികളുണ്ട്, കോൺഗ്രസിന്റെ അനുമതി ആവശ്യമാണ്. ഈ വ്യവസ്ഥകൾ ഒഴിവാക്കി, തീരുവ ചുമത്താനും ഒഴിവാക്കാനുമുള്ള പൂർണ്ണ അധികാരം തനിക്ക് നൽകണമെന്നാണ് ട്രംപ് ആവശ്യപ്പെടുന്നത്. നയതന്ത്ര ചർച്ചകളിൽ ഒരു ‘വിലപേശൽ ശക്തി’യായി ഈ അധികാരത്തെ ഉപയോഗിക്കാനാണ് ട്രംപ് ലക്ഷ്യമിടുന്നത്.
ഇന്ത്യയുടെ ശക്തമായ മറുപടി
ഈ വിഷയത്തിൽ ഇന്ത്യ ശക്തമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. റഷ്യയിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് എണ്ണ വാങ്ങി ഇന്ത്യ യഥാർത്ഥത്തിൽ ലോകത്തിന് ഒരു ഉപകാരമാണ് ചെയ്തതെന്ന് കേന്ദ്ര എണ്ണ മന്ത്രി ഹർദീപ് സിംഗ് പുരി പറഞ്ഞു. ഇന്ത്യ ഈ എണ്ണ വാങ്ങിയില്ലായിരുന്നെങ്കിൽ, ആഗോള വിപണിയിൽ എണ്ണവില ബാരലിന് 120-130 ഡോളർ കടക്കുമായിരുന്നുവെന്നും, അത് ലോകമെമ്പാടുമുള്ള സമ്പദ്വ്യവസ്ഥകളെ തകർക്കുമായിരുന്നുവെന്നും അദ്ദേഹം വാദിച്ചു.
ബില്ലിന്റെ കാര്യത്തിൽ യുഎസ് സെനറ്റർമാരുമായി ഇന്ത്യൻ എംബസി ബന്ധപ്പെടുന്നുണ്ടെന്നും, സമയെത്തുമ്പോൾ ആ കടമ്പ ഇന്ത്യ കടക്കുമെന്നും വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും പ്രതികരിച്ചു. ബിൽ അതിന്റെ ഇപ്പോഴത്തെ രൂപത്തിൽ പാസാകില്ലെന്ന സൂചനയാണ് ഇന്ത്യൻ നേതൃത്വം നൽകുന്നത്.
ഈ നിയമം പാസായാൽ, അത് അമേരിക്കയുമായുള്ള ഇന്ത്യയുടെയും ചൈനയുടെയും വ്യാപാര ബന്ധങ്ങളെ സാരമായി ബാധിക്കുകയും, ആഗോള തലത്തിൽ പുതിയൊരു വ്യാപാര യുദ്ധത്തിന് തിരികൊളുത്തുകയും ചെയ്യും.