BusinessNewsSocial Media

45 ലക്ഷം ഇൻഫ്ലുവൻസർമാർ, വരുമാനം 6 ലക്ഷത്തിന് മാത്രം; റീൽസ് ഉണ്ടാക്കി ജീവിക്കാൻ എളുപ്പമല്ല, കണക്കുകൾ ഇതാ

ന്യൂഡൽഹി: ഇന്ത്യയിൽ കണ്ടന്റ് ക്രിയേറ്റർമാരുടെ എണ്ണം 45 ലക്ഷം കവിഞ്ഞതായി പുതിയ റിപ്പോർട്ട്. എന്നാൽ, ഇതിൽ വെറും 6 ലക്ഷം പേർക്ക് മാത്രമാണ് സോഷ്യൽ മീഡിയയിലൂടെ കാര്യമായ വരുമാനം കണ്ടെത്താൻ സാധിക്കുന്നത്. ഇൻഫ്ലുവൻസർ മാർക്കറ്റിംഗ് പ്ലാറ്റ്‌ഫോമായ ‘കോഫ്ലുവൻസ്’ (Kofluence) പുറത്തുവിട്ട 2025-ലെ റിപ്പോർട്ടിലാണ് ഈ കണക്കുകളുള്ളത്. കണ്ടന്റ് ക്രിയേഷൻ ഒരു ഗ്ലാമർ ലോകമായി കാണപ്പെടുമ്പോഴും, ഭൂരിഭാഗം പേർക്കും ഇതൊരു മുഴുവൻ സമയ വരുമാന മാർഗ്ഗമാക്കാൻ സാധിക്കുന്നില്ല എന്നതാണ് യാഥാർത്ഥ്യം.

റിപ്പോർട്ട് പ്രകാരം, 88% ക്രിയേറ്റർമാരും തങ്ങളുടെ പ്രധാന വരുമാനത്തിനായി സോഷ്യൽ മീഡിയയെ ആശ്രയിക്കുന്നില്ല. ആവശ്യത്തിന് ബ്രാൻഡ് ഡീലുകൾ ലഭിക്കാത്തതാണ് മൂന്നിലൊന്ന് ക്രിയേറ്റർമാരും നേരിടുന്ന പ്രധാന വെല്ലുവിളി. കടുത്ത മത്സരവും, പ്ലാറ്റ്‌ഫോമുകളുടെ അൽഗോരിതം മാറ്റങ്ങളും പലരുടെയും വരുമാനത്തെ ബാധിക്കുന്നു.

റീൽസും ഷോർട്സുമാണ് താരം

വരുമാനം നേടുന്നതിൽ ഷോർട്ട്-ഫോം വീഡിയോകളാണ് ഇപ്പോൾ മുന്നിൽ. ഇൻസ്റ്റാഗ്രാം റീൽസിലൂടെയും യൂട്യൂബ് ഷോർട്സിലൂടെയുമാണ് കൂടുതൽ ക്രിയേറ്റർമാരും പണം സമ്പാദിക്കുന്നത്. എന്നാൽ, റീൽസ് രംഗത്ത് പുതിയ ക്രിയേറ്റർമാരുടെ എണ്ണം വർധിച്ചതോടെ, കഴിഞ്ഞ സാമ്പത്തിക വർഷം വരുമാനത്തിൽ നേരിയ കുറവുണ്ടായി. അതേസമയം, യൂട്യൂബ് ഷോർട്സിൽ നിന്നുള്ള വരുമാനം സ്ഥിരതയോടെ തുടരുകയോ വർധിക്കുകയോ ചെയ്തിട്ടുണ്ട്. 75 ശതമാനത്തിലധികം ക്രിയേറ്റർമാരുടെയും പ്രധാന വരുമാന സ്രോതസ്സ് ഇൻസ്റ്റാഗ്രാം തന്നെയാണ്.

ആരാണ് പണം മുടക്കുന്നത്?

ഇ-കൊമേഴ്‌സ് ബ്രാൻഡുകളാണ് (23%) ഇൻഫ്ലുവൻസർ മാർക്കറ്റിംഗിനായി ഏറ്റവും കൂടുതൽ പണം ചെലവഴിക്കുന്നത്. എഫ്എംസിജി (19%) ബ്രാൻഡുകളാണ് രണ്ടാം സ്ഥാനത്ത്. പ്രാദേശിക വിപണികളിൽ സ്വാധീനം ചെലുത്താൻ ബ്രാൻഡുകൾ ഇപ്പോൾ മൈക്രോ-ഇൻഫ്ലുവൻസർമാരെയാണ് (10,000-100,000 ഫോളോവേഴ്‌സ്) കൂടുതലായി ആശ്രയിക്കുന്നത്.

ഒരു സാധാരണ ശമ്പളം (പ്രതിമാസം 50,000 രൂപ) കണ്ടന്റ് ക്രിയേഷനിലൂടെ നേടാൻ ഒരു വ്യക്തിക്ക് 5 മുതൽ 7 വർഷം വരെ എടുത്തേക്കാമെന്നും റിപ്പോർട്ട് പറയുന്നു. ഇത് ഈ രംഗത്തെ മത്സരത്തിന്റെ തീവ്രതയും വെല്ലുവിളികളും വ്യക്തമാക്കുന്നു.