
ഹൈദരാബാദ്: നിയമവിരുദ്ധമായ ഓൺലൈൻ ബെറ്റിംഗ് ആപ്പുകൾക്ക് പരസ്യം നൽകുകയും പ്രചാരണം നടത്തുകയും ചെയ്തെന്ന കേസിൽ പ്രമുഖ ദക്ഷിണേന്ത്യൻ താരങ്ങളുൾപ്പെടെ 29 പേർക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കള്ളപ്പണം വെളുപ്പിക്കൽ കേസ് രജിസ്റ്റർ ചെയ്തു. നടന്മാരായ പ്രകാശ് രാജ്, റാണ ദഗുബതി, വിജയ് ദേവരകൊണ്ട, നിധി അഗർവാൾ, പ്രണിത സുഭാഷ് എന്നിവർ കേസിൽ ഉൾപ്പെട്ട പ്രമുഖരാണ്.
തെലങ്കാന, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ പോലീസ് നേരത്തെ രജിസ്റ്റർ ചെയ്ത അഞ്ച് എഫ്ഐആറുകളുടെ അടിസ്ഥാനത്തിലാണ് ഇ.ഡിയുടെ നടപടി. പണം വാങ്ങി സെലിബ്രിറ്റികൾ നടത്തിയ പരസ്യങ്ങളും, സോഷ്യൽ മീഡിയ പ്രചാരണങ്ങളും ഒരു വലിയ കള്ളപ്പണം വെളുപ്പിക്കൽ ശൃംഖലയുടെ ഭാഗമാണോ എന്നാണ് ഇ.ഡി. പ്രധാനമായും അന്വേഷിക്കുന്നത്.
കേസിന്റെ നാൾവഴികൾ
ജംഗ്ലി റമ്മി, എ23, ജീത്‌വിൻ, പരിമാച്ച്, ലോട്ടസ്365 തുടങ്ങിയ ഓൺലൈൻ ചൂതാട്ട പ്ലാറ്റ്‌ഫോമുകൾക്ക് വേണ്ടിയാണ് താരങ്ങൾ പ്രചാരണം നടത്തിയതെന്നാണ് ഇ.ഡിയുടെ സംശയം. നേരത്തെ ഹൈദരാബാദ്, സൈബരാബാദ് പോലീസ് സമാനമായ ആരോപണങ്ങളിൽ പല താരങ്ങൾക്കെതിരെയും കേസെടുത്തിരുന്നു. ഈ കേസുകളാണ് ഇപ്പോൾ ഇ.ഡി. ഏറ്റെടുത്തിരിക്കുന്നത്.
തങ്ങൾ നിയമവിധേയമെന്ന് കരുതിയ ‘സ്‌കിൽ-ബേസ്ഡ്’ ഗെയിമുകൾക്കാണ് പരസ്യം നൽകിയതെന്നാണ് റാണ ദഗുബതിയും വിജയ് ദേവരകൊണ്ടയും മുൻപ് പ്രതികരിച്ചിരുന്നത്. താൻ 2017-ൽ തന്നെ ഒരു ഡീലിൽ നിന്ന് പിന്മാറിയിരുന്നുവെന്ന് പ്രകാശ് രാജും വ്യക്തമാക്കിയിരുന്നു. എന്നാൽ, കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (PMLA) ഇ.ഡി. കൂടി രംഗത്തെത്തിയതോടെ കേസിന്റെ ഗൗരവം വർധിച്ചിരിക്കുകയാണ്.