
കൊച്ചി: നാട്ടുകാർക്ക് മുന്നിൽ സൗമ്യനും സൽസ്വഭാവിയുമായിരുന്ന എഞ്ചിനീയർ, അന്താരാഷ്ട്ര ലഹരിമരുന്ന് ശൃംഖല നിയന്ത്രിച്ചിരുന്നത് ഡാർക്ക്‌നെറ്റിലെ ‘കെറ്റമെലോൺ’ എന്ന പേരിൽ. മൂവാറ്റുപുഴ സ്വദേശി മുളയംകൊട്ടിൽ എഡിസൺ (35) ഒരു കോടി രൂപയുടെ ലഹരിമരുന്നുമായി നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ (എൻസിബി) പിടിയിലായതിന്റെ ഞെട്ടലിലാണ് നാടും നഗരവും.
നാലുമാസത്തെ രഹസ്യ നിരീക്ഷണത്തിനൊടുവിലാണ് എൻസിബി എഡിസണെ വലയിലാക്കിയത്. ഇതോടെ, ഡാർക്ക്‌നെറ്റ് വഴി ഇന്ത്യയൊട്ടാകെ പ്രവർത്തിക്കുന്ന വലിയൊരു ലഹരിമരുന്ന് ശൃംഖലയുടെ കണ്ണികളാണ് അഴിഞ്ഞുവീണത്.
ആരാണ് എഡിസൺ?
മൂവാറ്റുപുഴയിലെ സമ്പന്നമായ കുടുംബത്തിലെ അംഗമാണ് മെക്കാനിക്കൽ എഞ്ചിനീയറായ എഡിസൺ. ജർമ്മനിയിലും ബംഗളൂരുവിലും ജോലി ചെയ്ത ശേഷം ഏതാനും വർഷങ്ങൾക്ക് മുൻപാണ് ഇയാൾ നാട്ടിൽ തിരിച്ചെത്തിയത്. പകൽ സമയങ്ങളിൽ വീട്ടിൽ ഒതുങ്ങിക്കൂടുകയും, തന്റെ കുഞ്ഞിനെ ഡേ-കെയറിൽ കൊണ്ടുപോകാൻ മാത്രം പുറത്തിറങ്ങുകയും ചെയ്തിരുന്ന എഡിസണെക്കുറിച്ച് അയൽക്കാർക്ക് പറയാൻ നല്ലതല്ലാതെ മറ്റൊന്നുമില്ലായിരുന്നു.
‘കെറ്റമെലോണി’ന്റെ ലോകം
പത്തു വർഷം മുൻപ് സ്വന്തം ഉപയോഗത്തിനായാണ് എഡിസൺ ആദ്യമായി ലഹരിമരുന്ന് ലോകത്തേക്ക് കടക്കുന്നത്. പിന്നീട് കെറ്റമിൻ കടത്തിലേക്ക് തിരിഞ്ഞതോടെയാണ് ഡാർക്ക്‌നെറ്റിൽ ‘കെറ്റമെലോൺ’ എന്ന വിളിപ്പേര് വീണത്. രണ്ട് വർഷം മുൻപ്, യുകെ ആസ്ഥാനമായുള്ള വിതരണക്കാരിൽ നിന്ന് എൽഎസ്ഡി സ്റ്റാമ്പുകൾ വൻതോതിൽ ഇന്ത്യയിലേക്ക് കടത്താൻ തുടങ്ങി.
സഹപാഠിയായ അരുൺ തോമസിന്റെ സഹായത്തോടെയായിരുന്നു പ്രവർത്തനങ്ങൾ. കൊച്ചിയിലെ ഫോറിൻ പോസ്റ്റ് ഓഫീസിൽ എത്തുന്ന പാഴ്സലുകൾ അരുൺ കൈപ്പറ്റി എഡിസണ് നൽകും. പിന്നീട് ഡൽഹി, ബംഗളൂരു, പൂനെ തുടങ്ങിയ നഗരങ്ങളിലെ വിതരണക്കാർക്ക് ഡാർക്ക്‌നെറ്റ് വഴി വിൽപ്പന നടത്തും. സാമ്പത്തിക ഇടപാടുകൾ നടത്തിയിരുന്നത് മൊനീറോ പോലുള്ള സ്വകാര്യത ഉറപ്പുനൽകുന്ന ക്രിപ്റ്റോകറൻസികൾ വഴിയായിരുന്നു. എഡിസന്റെ ഭാര്യയോ കുടുംബാംഗങ്ങളോ ഈ രഹസ്യ ഇടപാടുകളെക്കുറിച്ച് അറിഞ്ഞിരുന്നില്ല. അറസ്റ്റിന് പിന്നാലെ എഡിസന്റെ കുടുംബം മൂവാറ്റുപുഴയിലെ വീട്ടിൽ നിന്ന് താമസം മാറിയതായി അയൽക്കാർ പറയുന്നു.