CinemaCrime

ആലിയ ഭട്ടിന് നഷ്ടമായത് 77 ലക്ഷം; മുൻ പേഴ്സണൽ അസിസ്റ്റന്റ് അറസ്റ്റിൽ

മുംബൈ: ബോളിവുഡ് താരം ആലിയ ഭട്ടിന്റെ പണം തട്ടിയ കേസിൽ മുൻ പേഴ്സണൽ അസിസ്റ്റന്റ് (പി.എ) അറസ്റ്റിൽ. 77 ലക്ഷം രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ വേദിക പ്രകാശ് ഷെട്ടിയെ (32) ആണ് മുംബൈയിലെ ജുഹു പോലീസ് ബംഗളൂരുവിൽ നിന്ന് പിടികൂടിയത്. ആലിയയുടെ നിർമ്മാണക്കമ്പനിയായ എറ്റേണൽ സൺഷൈൻ പ്രൊഡക്ഷൻസിലെയും, നടിയുടെ സ്വകാര്യ അക്കൗണ്ടുകളിലെയും പണമാണ് ഇവർ തട്ടിയെടുത്തത്.

തട്ടിപ്പ് രീതി ഇങ്ങനെ

2021 മുതൽ 2024 വരെ ആലിയയുടെ പി.എ. ആയിരുന്ന വേദിക, നടിയുടെ സാമ്പത്തിക ഇടപാടുകൾ കൈകാര്യം ചെയ്തിരുന്നത് മുതലെടുത്താണ് തട്ടിപ്പ് നടത്തിയത്. യാത്രകളുടെയും വിവിധ പരിപാടികളുടെയും പേരിൽ വ്യാജ ബില്ലുകൾ പ്രൊഫഷണൽ ടൂളുകൾ ഉപയോഗിച്ച് നിർമ്മിക്കും. തുടർന്ന് ഈ ബില്ലുകളിൽ ആലിയയെക്കൊണ്ട് ഒപ്പുവെപ്പിക്കും. ഇങ്ങനെ ലഭിക്കുന്ന പണം ആദ്യം ഒരു സുഹൃത്തിന്റെ അക്കൗണ്ടിലേക്ക് മാറ്റിയ ശേഷം സ്വന്തം അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നു വേദികയുടെ രീതിയെന്ന് പോലീസ് പറഞ്ഞു.

കേസിന്റെ നാൾവഴികൾ

2022 മെയ് മുതൽ 2024 ഓഗസ്റ്റ് വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടന്നത്. ഈ വർഷം ജനുവരി 23-ന് ആലിയയുടെ അമ്മയും നടിയുമായ സോണി റസ്ദാൻ പോലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്. വിശ്വാസ വഞ്ചന, തട്ടിപ്പ് തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് വേദികയ്ക്കെതിരെ കേസെടുത്തത്. പരാതി ലഭിച്ചതോടെ ഒളിവിൽപ്പോയ വേദിക രാജസ്ഥാൻ, കർണാടക, പൂനെ എന്നിവിടങ്ങളിൽ കഴിഞ്ഞ ശേഷം ഒടുവിൽ ബംഗളൂരുവിൽ വെച്ച് പോലീസ് പിടിയിലാവുകയായിരുന്നു.