
ന്യൂയോർക്ക്: മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ് ലോകത്തെ അതിസമ്പന്നരുടെ ആദ്യ പത്തിൽ നിന്ന് പുറത്തായി. ബ്ലൂംബർഗിന്റെ ഏറ്റവും പുതിയ കോടീശ്വരന്മാരുടെ സൂചിക പ്രകാരം, 124 ബില്യൺ ഡോളർ ആസ്തിയുമായി ബിൽ ഗേറ്റ്സ് ഇപ്പോൾ 12-ാം സ്ഥാനത്താണ്. താൻ നിയമിച്ച മുൻ മൈക്രോസോഫ്റ്റ് സിഇഒ സ്റ്റീവ് ബാൽമറിനും (5-ാം സ്ഥാനം) പിന്നിലാണ് ഗേറ്റ്സിന്റെ ഇപ്പോഴത്തെ സ്ഥാനം.
ബിസിനസ് തകർച്ചയല്ല, മറിച്ച് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി കോടിക്കണക്കിന് ഡോളർ സംഭാവന ചെയ്തതാണ് ബിൽ ഗേറ്റ്സ് പട്ടികയിൽ പിന്നോട്ട് പോകാൻ കാരണം. അദ്ദേഹത്തിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾ കൂടി കണക്കിലെടുത്ത് ബ്ലൂംബർഗ് ആസ്തി പുനർനിർണ്ണയിച്ചപ്പോൾ, 52 ബില്യൺ ഡോളറിന്റെ കുറവാണ് രേഖപ്പെടുത്തിയത്.
ഗേറ്റ്സ് ഫൗണ്ടേഷന്റെ പ്രവർത്തനം
തന്റെ സമ്പത്തിന്റെ ഭൂരിഭാഗവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നൽകുമെന്നത് ബിൽ ഗേറ്റ്സിന്റെ ദീർഘകാലമായുള്ള പ്രഖ്യാപനമാണ്. കഴിഞ്ഞ വർഷം വരെ, ബിൽ ഗേറ്റ്സും മുൻ ഭാര്യ മെലിൻഡ ഗേറ്റ്സും ചേർന്ന് ഗേറ്റ്സ് ഫൗണ്ടേഷൻ വഴി 60 ബില്യൺ ഡോളറാണ് (ഏകദേശം 5 ലക്ഷം കോടി രൂപ) സംഭാവന നൽകിയത്.
ഫൗണ്ടേഷന്റെ 25-ാം വാർഷികത്തിന്റെ ഭാഗമായി, അടുത്ത 20 വർഷത്തിനുള്ളിൽ 200 ബില്യൺ ഡോളർ (ഏകദേശം 16.6 ലക്ഷം കോടി രൂപ) കൂടി ചെലവഴിക്കുമെന്ന് ഫൗണ്ടേഷൻ ഈ വർഷം മെയിൽ പ്രഖ്യാപിച്ചിരുന്നു. 2045-ഓടെ ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
പിന്തള്ളി മുൻ ജീവനക്കാരൻ
ബിൽ ഗേറ്റ്സ് പിന്നോട്ട് പോയപ്പോൾ, അദ്ദേഹം മൈക്രോസോഫ്റ്റിൽ നിയമിച്ച സ്റ്റീവ് ബാൽമർ 172 ബില്യൺ ഡോളർ ആസ്തിയുമായി പട്ടികയിൽ അഞ്ചാം സ്ഥാനത്തുണ്ട്. ഇലോൺ മസ്ക് ആണ് പട്ടികയിൽ ഒന്നാമത്. മാർക്ക് സക്കർബർഗ്, ലാറി എല്ലിസൺ, ജെഫ് ബെസോസ് എന്നിവരാണ് യഥാക്രമം രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങളിൽ.

സമ്പത്തിന്റെ കൊടുമുടിയിൽ നിൽക്കുമ്പോഴും, അത് സമൂഹത്തിന് തിരികെ നൽകാനുള്ള ബിൽ ഗേറ്റ്സിന്റെ തീരുമാനമാണ് അദ്ദേഹത്തെ ഈ പട്ടികയിൽ പിന്നോട്ടേക്ക് കൊണ്ടുപോകുന്നത്.