
ഇരട്ടനീതി: സർക്കാർ അനാസ്ഥയില്‍ മരിച്ച ബിന്ദുവിന്റെ മകന് വെറും താൽക്കാലിക ജോലി; മുൻ എംഎൽഎയുടെ മകന് സ്ഥിരം ഗസറ്റഡ് തസ്തിക
തിരുവനന്തപുരം: കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം തകർന്നുണ്ടായ ദുരന്തത്തിൽ മരിച്ച ബിന്ദുവിന്റെ മകന് സർക്കാർ വാഗ്ദാനം ചെയ്തത് താൽക്കാലിക ജോലി. എന്നാൽ, മുൻപ് ചെങ്ങന്നൂർ എംഎൽഎ ആയിരുന്ന കെ.കെ. രാമചന്ദ്രൻ നായർ അന്തരിച്ചപ്പോൾ മകന് നൽകിയത് പൊതുമരാമത്ത് വകുപ്പിൽ അസിസ്റ്റന്റ് എഞ്ചിനീയറുടെ സ്ഥിരം ഗസറ്റഡ് തസ്തിക. ആശ്രിത നിയമനത്തിന്റെ കാര്യത്തിൽ സർക്കാർ ഇരട്ടനീതി കാണിക്കുന്നുവെന്ന രൂക്ഷമായ വിമർശനമാണ് ഇതോടെ ഉയരുന്നത്.
സർക്കാർ അനാസ്ഥ മൂലം കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകർന്നുവീണ് ജീവൻ നഷ്ടപ്പെട്ട ബിന്ദുവിന്റെ ബി.ടെക് സിവിൽ എഞ്ചിനീയറിംഗ് ബിരുദധാരിയായ മകൻ നവനീതിന്, കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി വികസന സമിതിക്ക് (HDS) കീഴിൽ ഏതെങ്കിലും താൽക്കാലിക ജോലി നൽകുമെന്നാണ് മന്ത്രി വി.എൻ. വാസവൻ പ്രഖ്യാപിച്ചത്. എന്നാൽ, സർക്കാർ അടുപ്പക്കാർക്ക് ചട്ടങ്ങൾ മറികടന്ന് സ്ഥിരം ജോലി നൽകുമ്പോൾ, ദുരന്തത്തിനിരയായ സാധാരണക്കാരന്റെ കുടുംബത്തോട് കാണിക്കുന്നത് അനീതിയാണെന്ന് ആക്ഷേപം ശക്തമായി.
എംഎൽഎയുടെ മകന് സൂപ്പർ ന്യൂമററി തസ്തിക
2018 ഏപ്രിൽ 10-ന് ചേർന്ന മന്ത്രിസഭാ യോഗമാണ്, അന്തരിച്ച ചെങ്ങന്നൂർ എംഎൽഎ കെ.കെ. രാമചന്ദ്രൻ നായരുടെ മകൻ ആർ. പ്രശാന്തിന് പൊതുമരാമത്ത് വകുപ്പിൽ അസിസ്റ്റന്റ് എഞ്ചിനീയറായി, സൂപ്പർ ന്യൂമററി തസ്തിക സൃഷ്ടിച്ച് നിയമനം നൽകാൻ തീരുമാനിച്ചത്. സർക്കാർ ജീവനക്കാരല്ലാത്ത ജനപ്രതിനിധികളുടെ മക്കൾക്ക് ആശ്രിത നിയമനം നൽകാനാവില്ലെന്ന ചട്ടം നിലനിൽക്കെയായിരുന്നു ഈ നിയമനം.
ഈ നിയമനം നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി പാലക്കാട് സ്വദേശി അശോക് കുമാർ ഹൈക്കോടതിയെ സമീപിച്ചു. തുടർന്ന്, 2021 ഡിസംബറിൽ നിയമനം റദ്ദാക്കിക്കൊണ്ട് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. ഇതിനെതിരെ സർക്കാർ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും, ഹൈക്കോടതി വിധി 2024 ഡിസംബറിൽ സുപ്രീം കോടതിയും ശരിവെക്കുകയായിരുന്നു.
ബിന്ദുവിന്റെ മകനോട് അനീതി?
സർക്കാർ ജീവനക്കാരനല്ലാത്ത എംഎൽഎയുടെ മകന് വേണ്ടി ചട്ടങ്ങൾ മറികടന്ന് ഗസറ്റഡ് തസ്തികയിൽ സ്ഥിരം ജോലി നൽകാൻ ശ്രമിച്ച സർക്കാർ, സർക്കാർ സംവിധാനത്തിന്റെ വീഴ്ച മൂലം അമ്മയെ നഷ്ടപ്പെട്ട ഒരു യുവാവിന് താൽക്കാലിക ജോലി വാഗ്ദാനം ചെയ്യുന്നതാണ് ഇപ്പോൾ വിമർശനങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്. ഇത് സർക്കാരിന്റെ ഇരട്ടത്താപ്പാണെന്നും, സ്വന്തക്കാർക്ക് ഒരു നീതിയും സാധാരണക്കാർക്ക് മറ്റൊരു നീതിയുമാണെന്നും സാമൂഹ്യ മാധ്യമങ്ങളിൽ ഉൾപ്പെടെ വിമർശനം ഉയരുന്നുണ്ട്.