
കൊച്ചി: കേന്ദ്രമന്ത്രി സുരേഷ് ഗോപി നായകനാവുന്ന ‘ജെഎസ്കെ – ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’ എന്ന സിനിമയുടെ പേരിൽ സെൻസർ ബോർഡിനോട് (CBFC) കടുത്ത ചോദ്യങ്ങളുമായി കേരള ഹൈക്കോടതി.
നീതിക്കായി പോരാടുന്ന നായികയ്ക്ക് ‘ജാനകി’ എന്ന് പേര് നൽകുന്നതിൽ എന്താണ് തെറ്റെന്ന് കോടതി വാക്കാൽ ചോദിച്ചു. സിനിമയ്ക്ക് സർട്ടിഫിക്കേഷൻ നൽകുന്നത് വൈകുന്നതിനെതിരെ നിർമ്മാതാക്കൾ നൽകിയ ഹർജി പരിഗണിക്കവെയായിരുന്നു ജസ്റ്റിസ് എൻ. നഗരേഷിന്റെ നിരീക്ഷണം.
“സിനിമയിലെ നായിക ബലാത്സംഗം ചെയ്യപ്പെട്ട ഇരയാണ്, റേപ്പിസ്റ്റല്ല. ഒരു റേപ്പിസ്റ്റിന് രാമൻ, കൃഷ്ണൻ, ജാനകി എന്നൊക്കെ പേരിട്ടാൽ അതിനെ എതിർക്കുന്നത് മനസ്സിലാക്കാം. ഇവിടെ നായിക നീതിക്ക് വേണ്ടി പോരാടുന്ന ഹീറോയിനാണ്,” എന്ന് കോടതി ചൂണ്ടിക്കാട്ടി. മുൻപ് ‘സീത ഔർ ഗീത’, ‘റാം ലഖൻ’ തുടങ്ങിയ പേരുകളിൽ സിനിമകൾ ഇറങ്ങിയിട്ടുണ്ടെന്നും കോടതി ഓർമ്മിപ്പിച്ചു.
സിനിമാട്ടോഗ്രാഫ് നിയമത്തിലെ മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിക്കുന്നുവെന്നായിരുന്നു സെൻസർ ബോർഡിന് വേണ്ടി ഹാജരായ ഡെപ്യൂട്ടി സോളിസിറ്റർ ജനറലിന്റെ വാദം. എന്നാൽ ഈ വാദം പ്രഥമദൃഷ്ട്യാ നിലനിൽക്കില്ലെന്ന് കോടതി നിരീക്ഷിച്ചു. “ഇന്ത്യയിൽ 80% പേരുകൾക്കും മതപരമായ ബന്ധമുണ്ട്.
അഹമ്മദ്, ആന്റണി, കേശവൻ, കൃഷ്ണൻ എന്നിങ്ങനെ. സംവിധായകനോടും കലാകാരനോടും ഏത് പേര് നൽകണം, ഏത് കഥ പറയണം എന്ന് പറയാൻ സെൻസർ ബോർഡിനാവില്ല. അത് കലാകാരന്റെ സ്വാതന്ത്ര്യമാണ്. ‘ജാനകി’ എന്ന പേര് എങ്ങനെയാണ് മതവികാരത്തെ വ്രണപ്പെടുത്തുന്നതെന്ന് വ്യക്തമാക്കാൻ നിങ്ങൾക്ക് സാധിക്കുന്നില്ല,” എന്നും കോടതി കൂട്ടിച്ചേർത്തു.
സിനിമയുടെ പേര് വ്യക്തമാക്കുന്ന ടീസർ മൂന്ന് മാസം മുൻപ് ഇതേ സെൻസർ ബോർഡ് യാതൊരു എതിർപ്പുമില്ലാതെ സർട്ടിഫൈ ചെയ്തിരുന്നുവെന്ന് നിർമ്മാതാക്കൾ വാദിച്ചു. സ്ക്രീനിംഗ് കമ്മിറ്റി സിനിമയ്ക്ക് അനുമതി നൽകിയെങ്കിലും, ചെയർമാൻ പുനഃപരിശോധനാ കമ്മിറ്റിക്ക് വിടുകയായിരുന്നു. ഈ കമ്മിറ്റിയാണ് സിനിമയുടെ പേരിൽ നിന്നും സംഭാഷണങ്ങളിൽ നിന്നും ‘ജാനകി’ എന്ന പേര് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകിയത്.
എന്തുകൊണ്ടാണ് ‘ജാനകി’ എന്ന പേര് ഉപയോഗിക്കാൻ സാധിക്കാത്തതെന്ന് വ്യക്തമാക്കുന്ന വിശദമായ സത്യവാങ്മൂലം നൽകാൻ കോടതി ഡെപ്യൂട്ടി സോളിസിറ്റർ ജനറലിനോട് വാക്കാൽ നിർദ്ദേശിച്ചു.
ഹർജി കൂടുതൽ പരിഗണനയ്ക്കായി ബുധനാഴ്ചത്തേക്ക് (ജൂലൈ 2) മാറ്റി. ജൂൺ 27-ന് റിലീസ് ചെയ്യാൻ പദ്ധതിയിട്ടിരുന്ന സിനിമയാണ് സെൻസർ ബോർഡിന്റെ നടപടി മൂലം അനിശ്ചിതത്വത്തിലായത്. തങ്ങൾക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാകുന്നുവെന്നും ഭരണഘടനാപരമായ അവകാശങ്ങൾ ലംഘിക്കപ്പെടുന്നുവെന്നും നിർമ്മാതാക്കളായ കോസ്മോസ് എന്റർടൈൻമെന്റ് ഹർജിയിൽ പറയുന്നു.