CrimeNews

ഒരേ വീട്ടിൽ രണ്ട് മാസത്തിനിടെ മൂന്ന് മരണം; ഒറ്റപ്പാലത്ത് മകനെ കൊന്ന് അച്ഛൻ ജീവനൊടുക്കി

ഒറ്റപ്പാലം: ഭാര്യ മരിച്ച് രണ്ട് മാസം തികയും മുൻപ്, മകനെ കൊലപ്പെടുത്തിയ ശേഷം അച്ഛൻ ജീവനൊടുക്കി. പാലക്കാട് ഒറ്റപ്പാലം മനിശ്ശേരിയിലാണ് നാടിനെ നടുക്കിയ ഈ ദാരുണ സംഭവം. മനിശ്ശേരി കണ്ണമ്മ നിലയത്തിൽ കിരൺ (38), മകൻ കിഷൻ (9) എന്നിവരെയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മകന് കുരുക്കൊരുക്കി കൊലപ്പെടുത്തിയ ശേഷം കിരൺ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

കിരണിന്റെ ഭാര്യ അഖീനയെ ഇതേ വീട്ടിൽ കഴിഞ്ഞ മേയ് 14-ന് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഈ ദുരന്തത്തിന്റെ ആഘാതം മാറും മുൻപാണ് പുതിയ ദുരന്തം നാടിനെ കണ്ണീരിലാഴ്ത്തിയത്.

സംഭവങ്ങളുടെ നാൾവഴി

വിദേശത്ത് ജോലി ചെയ്തിരുന്ന കിരൺ, ഭാര്യയുടെ മരണാനന്തര ചടങ്ങുകൾക്കായാണ് നാട്ടിലെത്തിയത്. പിന്നീട് ജൂൺ 8-ന് വിദേശത്തേക്ക് മടങ്ങിയെങ്കിലും, വ്യാഴാഴ്ച രാത്രി വീണ്ടും നാട്ടിലെത്തി. സഹോദരിയുടെ വീട്ടിൽ താമസിച്ചിരുന്ന മകനെയും കൂട്ടി വെള്ളിയാഴ്ച രാവിലെ പതിനൊന്നോടെയാണ് കിരൺ മനിശ്ശേരിയിലെ സ്വന്തം വീട്ടിലെത്തിയത്.

സമീപത്തുള്ള ബന്ധുവീട്ടിൽ പോയ ശേഷം സ്വന്തം വീട്ടിലേക്ക് കയറിയ ഇരുവരും, പിന്നീട് മൂന്നരയോടെ വീടിന്റെ മുൻവാതിൽ മാത്രം പൂട്ടി താക്കോൽ ബന്ധുവീട്ടിൽ ഏൽപ്പിച്ച് യാത്ര പറഞ്ഞുപോയി. എന്നാൽ, വൈകുന്നേരത്തോടെ ഇരുവരും വീട്ടിൽ തിരിച്ചെത്തുകയായിരുന്നു. അഞ്ചുമണിയോടെ കിരണിന്റെ സ്കൂട്ടർ വീടിന് പുറത്ത് കണ്ടതിനെ തുടർന്ന് സംശയം തോന്നിയ ബന്ധുക്കൾ പിൻവാതിലിലൂടെ അകത്തുകയറി പരിശോധിച്ചപ്പോഴാണ് വീടിന്റെ ഒന്നാം നിലയിൽ ഇരുവരെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

പാറമേൽപടിയിലെ സ്കൂളിൽ നാലാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു കിഷൻ. ഷൊർണൂർ ഡിവൈഎസ്പി ആർ. മനോജ്കുമാർ, ഒറ്റപ്പാലം ഇൻസ്പെക്ടർ എ. അജീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ഒറ്റപ്പാലം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.