CrimeNews

വിദ്യാർത്ഥിനിക്കെതിരെ വ്യാജ പീഡനാരോപണം: അധ്യാപികക്ക് കർശന ഉപാധികളോടെ മുൻകൂർ ജാമ്യം

തിരുവനന്തപുരം: സഹപ്രവർത്തകനോടുള്ള വൈരാഗ്യത്തിന്റെ പേരിൽ പ്ലസ് വൺ വിദ്യാർത്ഥിനിക്കെതിരെ വ്യാജ പീഡന വാര്‍ത്ത പ്രചരിപ്പിച്ചെന്ന കേസിൽ അധ്യാപികയ്ക്ക് മുൻകൂർ ജാമ്യം. കിളിമാനൂർ രാജാ രവിവർമ ഹയർ സെക്കൻഡറി സ്കൂളിലെ ഹിന്ദി അധ്യാപിക സി.ആർ. ചന്ദ്രലേഖയ്ക്കാണ് തിരുവനന്തപുരം പോക്സോ കോടതി കർശന ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചത്.

തിങ്കളാഴ്ച രാവിലെ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്നും, അറസ്റ്റ് ചെയ്യുകയാണെങ്കിൽ 50,000 രൂപയുടെ രണ്ട് ആൾജാമ്യത്തിൽ വിടണമെന്നും കോടതി നിർദ്ദേശിച്ചു.

കോടതിയുടെ കർശന ഉപാധികൾ

  • സാക്ഷികളെ സ്വാധീനിക്കാനോ തെളിവുകൾ നശിപ്പിക്കാനോ പാടില്ല.
  • അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കണം.
  • കോടതിയുടെ അനുമതിയില്ലാതെ സംസ്ഥാനം വിട്ടുപോകരുത്.

അധ്യാപികയ്‌ക്കെതിരെ ആരോപിക്കപ്പെട്ടിരിക്കുന്ന കുറ്റം പട്ടികജാതി-പട്ടികവർഗ അതിക്രമ നിരോധന നിയമത്തിന്റെ പരിധിയിൽ വരുന്നതും ഗൗരവമുള്ളതാണെന്നും കോടതി നിരീക്ഷിച്ചു.

പഠനം നിർത്തി വിദ്യാർത്ഥിനി

സഹപ്രവർത്തകനായ അധ്യാപകൻ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി എന്ന വ്യാജ വാർത്തയാണ് ചന്ദ്രലേഖ പ്രചരിപ്പിച്ചത്. അപസ്മാരം ബാധിച്ച് പെൺകുട്ടി അവധിയിലായിരുന്ന ജനുവരി മാസത്തിലായിരുന്നു ഈ വ്യാജ പ്രചാരണം. ഇതേത്തുടർന്നുണ്ടായ അപമാനഭാരത്താൽ പതിനാറുകാരിയായ വിദ്യാർത്ഥിനിക്ക് പഠനം നിർത്തേണ്ടി വന്നു.

പൊലീസിലും വിദ്യാഭ്യാസ വകുപ്പിലും മുഖ്യമന്ത്രിക്കും പരാതി നൽകിയിട്ടും നടപടിയുണ്ടാകാത്തതിനെ തുടർന്ന്, പിടിഎയുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നൽകുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ജൂൺ 5-ന് ചന്ദ്രലേഖയെ സസ്പെൻഡ് ചെയ്യുകയും, കിളിമാനൂർ പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.