
ദുബായ്: ഇന്ത്യയിലേക്കുള്ള വിമാന സർവീസുകൾ വർധിപ്പിക്കുന്നതിൽ നിന്ന് തങ്ങളെ തടയുന്നത് കേന്ദ്രസർക്കാരിന്റെ നയങ്ങളാണെന്ന് പ്രമുഖ വിമാനക്കമ്പനിയായ എമിറേറ്റ്സ്. പത്ത് വർഷത്തിലേറെയായി ഇന്ത്യയിലേക്കുള്ള സീറ്റുകളുടെ എണ്ണത്തിൽ ഒരു വർധനവും വരുത്താൻ ഉഭയകക്ഷി കരാറുകൾ അനുവദിക്കുന്നില്ലെന്നും, ഇതേ തുടർന്ന് ഇന്ത്യയെ ആശ്രയിക്കുന്നത് കുറച്ച് മറ്റ് ആഗോള വിപണികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും എമിറേറ്റ്സ് ഡെപ്യൂട്ടി പ്രസിഡന്റും ചീഫ് കൊമേഴ്‌സ്യൽ ഓഫീസറുമായ അദ്‌നാൻ കാസിം പറഞ്ഞു.
ഇന്ത്യയും യുഎഇയും തമ്മിലുള്ള വ്യോമയാന കരാർ പ്രകാരം, യുഎഇ വിമാനക്കമ്പനികൾക്ക് ഇന്ത്യയിലേക്ക് ആഴ്ചയിൽ 65,000 സീറ്റുകൾ മാത്രമാണ് അനുവദിച്ചിട്ടുള്ളത്. കഴിഞ്ഞ 11 വർഷമായി ഈ കരാറിൽ ഒരു മാറ്റവും വരുത്തിയിട്ടില്ല. ഇന്ത്യയിൽ നിന്ന് വിദേശത്തേക്ക് യാത്ര ചെയ്യുന്നവരുടെ എണ്ണത്തിൽ വലിയ വർധനവുണ്ടായിട്ടും, കൂടുതൽ സർവീസുകൾ ആരംഭിക്കാൻ കഴിയാത്തത് വലിയ തിരിച്ചടിയാണെന്ന് എമിറേറ്റ്സ് ചൂണ്ടിക്കാണിക്കുന്നു.
“ഇന്ത്യയിലേക്ക് ഞങ്ങൾ നടത്തുന്ന 171 പ്രതിവാര സർവീസുകളിലും 95 ശതമാനത്തിലധികം സീറ്റുകളിലും യാത്രക്കാരുണ്ട്. ആവശ്യത്തിനനുസരിച്ച് സർവീസുകൾ നൽകാൻ ഞങ്ങൾക്ക് കഴിയുന്നില്ല,” എന്ന് അദ്‌നാൻ കാസിം ഒരു അഭിമുഖത്തിൽ പറഞ്ഞു.
ഇന്ത്യയുടെ സ്ഥാനം പിന്നോട്ട്
ഒരു കാലത്ത് എമിറേറ്റ്സിന്റെ ആദ്യ അഞ്ച് വിപണികളിൽ ഒന്നായിരുന്ന ഇന്ത്യ, ഈ നിയന്ത്രണങ്ങളെ തുടർന്ന് ഇപ്പോൾ ആദ്യ പത്തിലെ ഒരു വിപണി മാത്രമായി ഒതുങ്ങിയെന്നും അദ്ദേഹം പറഞ്ഞു. “സീറ്റുകളുടെ എണ്ണം വർധിപ്പിക്കാൻ കഴിയാത്തതിനാൽ, ഞങ്ങൾ ഏഷ്യ, അമേരിക്ക, യൂറോപ്പ്, ആഫ്രിക്ക, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലെ മറ്റ് വിപണികളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. ഇന്ത്യക്ക് വഹിക്കാൻ കഴിയുമായിരുന്ന ഒരു പങ്കാണിത്, പക്ഷെ നിലവിലെ സാഹചര്യത്തിൽ അത് സാധ്യമല്ല,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യൻ വിമാനക്കമ്പനികളുമായി സഹകരിക്കുന്നതിൽ സന്തോഷമുണ്ടെങ്കിലും, സീറ്റുകളുടെ എണ്ണം വർധിപ്പിക്കാതെ അത്തരം സഹകരണങ്ങൾക്ക് വലിയ പ്രസക്തിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിലെ ടയർ-2 നഗരങ്ങളിലേക്ക് സർവീസ് വ്യാപിപ്പിക്കാൻ താൽപര്യമുണ്ടെങ്കിലും, നിലവിലെ നിയന്ത്രണങ്ങൾ അതിനും തടസ്സമാണെന്ന് അദ്ദേഹം പറഞ്ഞു. “150 കോടി ജനങ്ങളുള്ള ഇന്ത്യയിൽ നിന്ന് വെറും 12 കോടി ആളുകളാണ് അന്താരാഷ്ട്ര യാത്രകൾ ചെയ്യുന്നത്. ഈ സംഖ്യ ഇതിലും വളരെ കൂടുതലായിരിക്കണം,” എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.