Business

മുൻ നീതി ആയോഗ് സിഇഒ അമിതാഭ് കാന്ത് ഇൻഡിഗോയുടെ ഡയറക്ടർ ബോർഡിൽ

ന്യൂഡൽഹി: നീതി ആയോഗ് മുൻ സിഇഒയും, ജി20 ഉച്ചകോടിയിലെ ഇന്ത്യയുടെ ഷെർപ്പയുമായിരുന്ന അമിതാഭ് കാന്തിനെ ഡയറക്ടർ ബോർഡിൽ ഉൾപ്പെടുത്തി ഇൻഡിഗോ.

ഇൻഡിഗോയുടെ മാതൃകമ്പനിയായ ഇന്റർഗ്ലോബ് ഏവിയേഷൻ ലിമിറ്റഡിന്റെ നോൺ-എക്സിക്യൂട്ടീവ് ഡയറക്ടറായാണ് നിയമനം. റെഗുലേറ്ററി, ഓഹരി ഉടമകൾ എന്നിവരുടെ അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് നിയമനം പ്രാബല്യത്തിൽ വരും.

1980-ലെ കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായ അമിതാഭ് കാന്ത്, ‘മേക്ക് ഇൻ ഇന്ത്യ’, ‘സ്റ്റാർട്ടപ്പ് ഇന്ത്യ’, ‘ഇൻക്രെഡിബിൾ ഇന്ത്യ’ തുടങ്ങിയ സുപ്രധാന ദേശീയ പദ്ധതികളിലെ പങ്ക് കൊണ്ട് ഏറെ ശ്രദ്ധേയനാണ്.

ഇന്ത്യയുടെ ജി20 അധ്യക്ഷ പദവി കാലത്ത്, ന്യൂഡൽഹി നേതാക്കളുടെ സംയുക്ത പ്രഖ്യാപനത്തിൽ സമവായം ഉണ്ടാക്കുന്നതിൽ അദ്ദേഹം നിർണായക പങ്ക് വഹിച്ചിരുന്നു.

ആറ് വർഷത്തോളം നീതി ആയോഗ് സിഇഒ ആയിരുന്ന സമയത്ത്, പിന്നോക്കം നിൽക്കുന്ന പ്രദേശങ്ങളുടെ വികസനം ലക്ഷ്യമിട്ടുള്ള ആസ്പിരേഷണൽ ഡിസ്ട്രിക്റ്റ്സ് പ്രോഗ്രാം പോലുള്ള പദ്ധതികൾക്ക് അദ്ദേഹം നേതൃത്വം നൽകി.

ദേശീയ പാത അതോറിറ്റി, ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷൻ എന്നിവിടങ്ങളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ അനുഭവസമ്പത്ത് ഇൻഡിഗോയുടെ ആഗോള വളർച്ചയ്ക്ക് മുതൽക്കൂട്ടാകുമെന്നാണ് വിലയിരുത്തൽ.