BusinessNews

മൈക്രോസോഫ്റ്റിൽ വീണ്ടും കൂട്ടപ്പിരിച്ചുവിടൽ; 9000-ത്തിൽ അധികം പേർക്ക് ജോലി നഷ്ടമാകും

സിയാറ്റിൽ: ടെക് ലോകത്ത് ആശങ്ക പടർത്തിക്കൊണ്ട് സോഫ്റ്റ്‌വെയർ ഭീമനായ മൈക്രോസോഫ്റ്റ് വീണ്ടും കൂട്ടപ്പിരിച്ചുവിടലിന് ഒരുങ്ങുന്നു. 9,100-ൽ അധികം ജീവനക്കാരെ, അതായത് മൊത്തം ജീവനക്കാരുടെ ഏകദേശം 4 ശതമാനത്തോളം പേരെ പിരിച്ചുവിടുമെന്ന് ‘സിയാറ്റിൽ ടൈംസ്’ റിപ്പോർട്ട് ചെയ്തു. 2023-ന് ശേഷം കമ്പനി നടത്തുന്ന ഏറ്റവും വലിയ പിരിച്ചുവിടലാണിത്.

മാസങ്ങൾക്കുള്ളിൽ മൈക്രോസോഫ്റ്റ് നടത്തുന്ന രണ്ടാമത്തെ വലിയ പിരിച്ചുവിടൽ നടപടിയാണിത്. കഴിഞ്ഞ മെയ് മാസത്തിൽ ഏകദേശം 6,000 ജീവനക്കാരെ കമ്പനി പിരിച്ചുവിട്ടിരുന്നു. സാമ്പത്തിക അനിശ്ചിതത്വങ്ങൾക്കിടയിൽ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടിയെന്നാണ് സൂചന.

2024 ജൂണിലെ കണക്കനുസരിച്ച്, ലോകമെമ്പാടുമായി ഏകദേശം 2,28,000 ജീവനക്കാരാണ് മൈക്രോസോഫ്റ്റിനുള്ളത്. പ്രധാനമായും സെയിൽസ് വിഭാഗത്തിലായിരിക്കും പിരിച്ചുവിടൽ നടക്കുകയെന്ന് നേരത്തെ ബ്ലൂംബർഗ് ന്യൂസും റിപ്പോർട്ട് ചെയ്തിരുന്നു. ഈ വാർത്തയോട് മൈക്രോസോഫ്റ്റ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

അമേരിക്കൻ കോർപ്പറേറ്റ് ലോകത്ത് കഴിഞ്ഞ വർഷം ആരംഭിച്ച പിരിച്ചുവിടൽ നടപടികളുടെ തുടർച്ചയായാണ് മൈക്രോസോഫ്റ്റിന്റെ ഈ പുതിയ നീക്കത്തെയും സാമ്പത്തിക വിദഗ്ധർ കാണുന്നത്.