FinanceInternationalNews

യുകെ വിട്ട് കോടീശ്വരന്മാരുടെ കൂട്ടപ്പലായനം; ഈ വർഷം രാജ്യം വിടുന്നത് 16,500 പേർ

ലണ്ടൻ: ലോകത്തിലെ അതിസമ്പന്നരുടെ ഇഷ്ടതാവളമായിരുന്ന ബ്രിട്ടനിൽ നിന്ന് കോടീശ്വരന്മാരുടെ കൂട്ടപ്പലായനം. 2025-ൽ മാത്രം ഏകദേശം 16,500 കോടീശ്വരന്മാർ യുകെ വിടുമെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്.

ഹെൻലി പ്രൈവറ്റ് വെൽത്ത് മൈഗ്രേഷൻ റിപ്പോർട്ട് 2025 പ്രകാരം, സമീപ ദശകങ്ങളിൽ ഒരു രാജ്യത്തുനിന്നുണ്ടാകുന്ന ഏറ്റവും വലിയ സമ്പന്നരുടെ കൊഴിഞ്ഞുപോക്കാണിത്. സർക്കാർ നടപ്പിലാക്കിയ കടുത്ത നികുതി നിയമങ്ങളും ലണ്ടനിലെ ഉയർന്ന ജീവിതച്ചെലവുമാണ് ഇതിന് പ്രധാന കാരണം.

പ്രധാന കാരണം നികുതി നിയമങ്ങൾ

വിദേശ പൗരത്വമുള്ള, എന്നാൽ ബ്രിട്ടനിൽ താമസിക്കുന്നവർക്ക് (non-domicile) വിദേശ വരുമാനത്തിന് നൽകിയിരുന്ന നികുതിയിളവ് സർക്കാർ നിർത്തലാക്കിയതാണ് കൂട്ടപ്പലായനത്തിന് പ്രധാന കാരണമായി റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്. 2025 ഏപ്രിൽ 6 മുതൽ ഈ നിയമം പ്രാബല്യത്തിൽ വന്നു.

ഇതിന് പുറമെ, ലേബർ സർക്കാർ നടപ്പിലാക്കിയ പുതിയ നികുതി വർധനവുകളും തിരിച്ചടിയായി. ഉയർന്ന വരുമാനക്കാർക്ക് 45% ആദായനികുതിയും, 24% മൂലധന നേട്ട നികുതിയും, 40% അനന്തരാവകാശ നികുതിയും നൽകേണ്ടി വരുന്നത് സമ്പന്നരെ മറ്റ് രാജ്യങ്ങളിലേക്ക് ചേക്കേറാൻ പ്രേരിപ്പിക്കുന്നു.

ലണ്ടനിലെ ഉയർന്ന ജീവിതച്ചെലവ്

ലണ്ടനിലെ അമിതമായ വാടക, കൗൺസിൽ ടാക്സുകൾ, മലിനീകരണ നിയന്ത്രണ ചാർജുകൾ (ULEZ) എന്നിവയും ആളുകളെ നഗരം വിടാൻ പ്രേരിപ്പിക്കുന്നു. “ലണ്ടൻ ആളുകളെ പുറത്തേക്ക് തള്ളുകയാണ്.

താങ്ങാനാവാത്ത വീടുകൾ, കുറഞ്ഞ ഗതാഗത സൗകര്യങ്ങൾ, വർധിച്ചുവരുന്ന നികുതികൾ എന്നിവ കാരണം ഉയർന്ന വരുമാനക്കാർ നിശ്ശബ്ദമായി ബാഗുകൾ പാക്ക് ചെയ്യുകയാണ്,” എന്നാണ് വിദഗ്ധനായ ജെറമി സാവോറി പറയുന്നത്. യുകെയിലെ ഏറ്റവും ഉയർന്ന തൊഴിലില്ലായ്മ നിരക്കുള്ള നഗരവും ലണ്ടനാണ് (6.1%).

കോടീശ്വരന്മാർ ചേക്കേറുന്നത് എവിടേക്ക്?

യുകെ വിടുന്ന കോടീശ്വരന്മാരുടെ പ്രധാന ലക്ഷ്യസ്ഥാനം യുഎഇയാണ്. 2025-ൽ മാത്രം 9,800 കോടീശ്വരന്മാർ യുഎഇയിലേക്ക് മാറുമെന്നാണ് പ്രവചനം. പ്രമുഖ ഷിപ്പിംഗ് വ്യവസായി ജോൺ ഫ്രെഡറിക്സൻ, ശതകോടീശ്വരൻ മൈക്കിൾ എഡ്വേഡ് പ്ലാറ്റ്, എയർടെൽ ഉടമ സുനിൽ ഭാരതി മിത്തലിന്റെ മകൻ ശ്രാവിൻ ഭാരതി മിത്തൽ എന്നിവരെല്ലാം ഇതിനോടകം യുകെ വിട്ട് യുഎഇയിലേക്ക് താമസം മാറ്റിയിട്ടുണ്ട്. സ്വിറ്റ്സർലൻഡ്, ഇറ്റലി, പോർച്ചുഗൽ, ഗ്രീസ് തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളും കുറഞ്ഞ നികുതിയും മികച്ച ജീവിത സാഹചര്യങ്ങളും വാഗ്ദാനം ചെയ്ത് സമ്പന്നരെ ആകർഷിക്കുന്നുണ്ട്.