AutomobileBusiness

ഇന്ത്യൻ കാർ വിപണിക്ക് ജൂണിൽ ഇടിവ്; ചെറിയ കാറുകളുടെ ഡിമാൻഡ് കുറഞ്ഞത് തിരിച്ചടിയായി

ന്യൂഡൽഹി: ഇന്ത്യൻ പാസഞ്ചർ വാഹന (പിവി) വിപണിയിൽ 2025 ജൂൺ മാസത്തിൽ വിൽപ്പനയിൽ കാര്യമായ ഇടിവ്. മുൻ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് മൊത്തം ആഭ്യന്തര വിൽപ്പനയിൽ 6 ശതമാനത്തിലധികം കുറവാണ് രേഖപ്പെടുത്തിയത്. പ്രധാനമായും ചെറിയ കാറുകളുടെ വിപണിയിലുണ്ടായ തളർച്ചയാണ് ഈ പ്രതിസന്ധിക്ക് കാരണമെന്ന് വ്യവസായ വൃത്തങ്ങൾ ചൂണ്ടികാണിക്കുന്നു.

പുറത്തുവന്ന കണക്കുകൾ പ്രകാരം, 2025 ജൂണിൽ 3,20,277 യൂണിറ്റ് പാസഞ്ചർ വാഹനങ്ങളാണ് രാജ്യത്ത് വിറ്റഴിച്ചത്. 2024 ജൂണിൽ ഇത് 3,42,174 യൂണിറ്റായിരുന്നു. വാർഷികാടിസ്ഥാനത്തിൽ 6.4 ശതമാനത്തിൻ്റെ കുറവാണ് ഇത് സൂചിപ്പിക്കുന്നത്.

ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ മാരുതി സുസുക്കിയുടെ വിൽപ്പനയിൽ 13.3 ശതമാനത്തിന്റെ ഇടിവുണ്ടായി. 2025 ജൂണിൽ 1,18,906 യൂണിറ്റുകളാണ് മാരുതിക്ക് വിൽക്കാനായത്. “ചെറിയ കാറുകളുടെ വിൽപ്പനയിലുണ്ടായ വൻ ഇടിവാണ് പാസഞ്ചർ വാഹന വിപണിയിലെ മാന്ദ്യത്തിന് പ്രധാന കാരണം.

സാധാരണയായി, ജിഡിപി വളർച്ചയുടെ 1.5 ഇരട്ടി വളർച്ച പാസഞ്ചർ വാഹന വിപണിയിൽ കാണാറുണ്ട്. എന്നാൽ ഇപ്പോൾ 6.5% ജിഡിപി വളർച്ചയുണ്ടായിട്ടും കാർ വിപണി നിശ്ചലമാണ്. താങ്ങാനാവുന്ന വിലയിലുള്ള ചെറിയ കാറുകൾ ഈ വളർച്ചയിൽ പങ്കാളികളാകുന്നില്ല എന്നതാണ് ഇതിന് കാരണം,” മാരുതിയുടെ കോർപ്പറേറ്റ് അഫയേഴ്‌സ് സീനിയർ എക്‌സിക്യൂട്ടീവ് ഓഫീസർ രാഹുൽ ഭാരതി പറഞ്ഞു.

മാരുതിയുടെ ആൾട്ടോ, എസ്-പ്രെസ്സോ തുടങ്ങിയ എൻട്രി ലെവൽ മോഡലുകൾക്ക് ജൂണിൽ ആകെ 6,414 യൂണിറ്റ് വിൽപ്പന മാത്രമാണ് നേടാനായത്. ഇത് കമ്പനിയുടെ ആഭ്യന്തര പിവി വിൽപ്പനയുടെ 5.4% മാത്രമാണ്. 2019 മുതൽ, കർശനമായ നിയന്ത്രണങ്ങൾ കാരണം എൻട്രി ലെവൽ കാറുകളുടെ വില 70 ശതമാനത്തിലധികം വർധിച്ചതായും ഇത് ചെറിയ കാറുകളുടെ വിൽപ്പന 70 ശതമാനത്തിലധികം കുറയാൻ കാരണമായെന്നും ഭാരതി കൂട്ടിച്ചേർത്തു.

അതേസമയം, എസ്‌യുവി വിപണിയിലെ ശക്തമായ പ്രകടനം മഹീന്ദ്ര & മഹീന്ദ്രയ്ക്ക് തുണയായി. സ്കോർപിയോ-എൻ, എക്സ്-യുവി 3XO, ബൊലേറോ നിയോ, ഥാർ റോക്സ് തുടങ്ങിയ മോഡലുകളുടെ മികവിൽ 18.2% വാർഷിക വളർച്ചയോടെ 47,306 യൂണിറ്റുകൾ വിറ്റഴിച്ച് മഹീന്ദ്ര, ഹ്യുണ്ടായ്, ടാറ്റ മോട്ടോഴ്‌സ് എന്നിവരെ പിന്തള്ളി തുടർച്ചയായ മൂന്നാം മാസവും രണ്ടാം സ്ഥാനം നിലനിർത്തി.

ഹ്യുണ്ടായ് മോട്ടോർ ഇന്ത്യയുടെ ആഭ്യന്തര വിൽപ്പന 12.1% ഇടിഞ്ഞ് 44,024 യൂണിറ്റായി. “ഭൂമിശാസ്ത്രപരമായ രാഷ്ട്രീയ സാഹചര്യങ്ങൾ വിപണിയെ സ്വാധീനിച്ചു” എന്ന് കമ്പനിയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ തരുൺ ഗാർഗ് പറഞ്ഞു. റിപോ നിരക്ക് കുറയുന്നതും പണലഭ്യത കൂടുന്നതും വിപണിക്ക് ഉണർവേകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

ടാറ്റ മോട്ടോഴ്‌സിൻ്റെ വിൽപ്പന 14.8% കുറഞ്ഞ് 37,083 യൂണിറ്റായി. മെയ്, ജൂൺ മാസങ്ങളിൽ ഡിമാൻഡിൽ തുടർച്ചയായ കുറവ് അനുഭവപ്പെട്ടതായി ടാറ്റ മോട്ടോഴ്‌സ് മാനേജിംഗ് ഡയറക്ടർ ശൈലേഷ് ചന്ദ്ര പറഞ്ഞു. എന്നാൽ ഇലക്ട്രിക് വാഹന (ഇവി) വിപണി ഈ പ്രതിസന്ധിക്കിടയിലും മികച്ച വളർച്ച കാണിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ടൊയോട്ട കിർലോസ്‌കർ മോട്ടോർ 2.7% വളർച്ചയോടെ 26,453 യൂണിറ്റുകൾ വിറ്റഴിച്ചു. ബാഡ്ജ്-എൻജിനീയറിംഗ് മോഡലുകൾക്കുള്ള തുടർച്ചയായ ഡിമാൻഡാണ് ടൊയോട്ടയ്ക്ക് നേട്ടമായത്.

ഗ്രാമീണ മേഖലയിലെ മികച്ച മൺസൂൺ കാർഷിക വരുമാനം വർധിപ്പിക്കുമെന്നും ഇത് വരും മാസങ്ങളിൽ വാഹന വിപണിക്ക് ഉണർവേകുമെന്നും വിപണി വിദഗ്ധർ വിലയിരുത്തുന്നു.

ജൂൺ 2025ലെ വിൽപ്പന കണക്കുകൾ:

നിർമ്മാതാക്കൾജൂൺ 2025 (യൂണിറ്റുകൾ)ജൂൺ 2024 (യൂണിറ്റുകൾ)വളർച്ച (%)
മാരുതി1,18,9061,37,160-13.3%
മഹീന്ദ്ര47,30640,02218.2%
ഹ്യുണ്ടായ്44,02450,103-12.1%
ടാറ്റ37,08343,524-14.8%
ടൊയോട്ട26,45325,7522.7%