
തൃശൂർ: നാടിനെ നടുക്കിയ പുതുക്കാട് നവജാതശിശുക്കളുടെ കൊലപാതക കേസിൽ പ്രതികളായ അമ്മ അനീഷയെയും കാമുകൻ ഭവിനെയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇരിഞ്ഞാലക്കുട കോടതിയുടേതാണ് നടപടി. കൊലപാതകങ്ങളെക്കുറിച്ച് കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനായി ഇരുവരെയും കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പൊലീസ് ഉടൻ അപേക്ഷ നൽകും.
കേസിൽ നിർണായകമാകാവുന്ന മൃതദേഹാവശിഷ്ടങ്ങളുടെ പോസ്റ്റ്‌മോർട്ടം നാളെ തൃശൂർ മെഡിക്കൽ കോളേജിൽ നടക്കും. ഫോറൻസിക് വിഭാഗം മേധാവി ഡോ. കെ.എസ്. ഉന്മേഷിന്റെ നേതൃത്വത്തിലായിരിക്കും നടപടികൾ.
ഇതിന് ശേഷം ഡിഎൻഎ പരിശോധനയ്ക്കായി സാമ്പിളുകൾ തിരുവനന്തപുരത്തെ ഫോറൻസിക് ലാബിലേക്ക് അയക്കും. നേരത്തെ നടത്തിയ തിരച്ചിലിൽ അനീഷയുടെ വീട്ടിൽ നിന്ന് ആദ്യത്തെ കുട്ടിയുടെയും ഭവിന്റെ വീട്ടിൽ നിന്ന് രണ്ടാമത്തെ കുട്ടിയുടെയും അസ്ഥിയുടെ അവശിഷ്ടങ്ങൾ കണ്ടെടുത്തിരുന്നു.
ഞെട്ടിക്കുന്ന മൊഴി, അയൽവാസികളുടെ വെളിപ്പെടുത്തൽ
യൂട്യൂബ് നോക്കിയാണ് രണ്ട് പ്രസവവും നടത്തിയതെന്നാണ് അനീഷ പൊലീസിന് നൽകിയ മൊഴി. ലാബ് ടെക്നീഷ്യൻ കോഴ്സ് പഠിച്ച പരിചയവും ഇതിന് സഹായകമായി. ഗർഭിണിയായിരുന്ന വിവരം പുറത്തറിയാതിരിക്കാൻ വയറിൽ തുണികെട്ടി വെക്കുകയും ഇറുകിയ വസ്ത്രങ്ങൾ ഒഴിവാക്കുകയും ചെയ്തിരുന്നു. കാമുകൻ ഭവിൻ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയതോടെയാണ് നാടിനെ നടുക്കിയ ഈ ക്രൂരകൃത്യം പുറംലോകമറിയുന്നത്.
അതേസമയം, അനീഷ ഗർഭിണിയാണെന്ന് സംശയമുണ്ടായിരുന്നതായി അയൽവാസികൾ വെളിപ്പെടുത്തി. ഇക്കാര്യം ചോദിച്ചതിന് അനീഷയുടെ സഹോദരൻ ഭീഷണിപ്പെടുത്തിയെന്നും, തങ്ങൾക്കെതിരെ അപവാദം പ്രചരിപ്പിക്കുന്നുവെന്നാരോപിച്ച് അനീഷയുടെ കുടുംബം 2021-ൽ പൊലീസിൽ പരാതി നൽകിയിരുന്നതായും അയൽവാസി ഗിരിജ പറഞ്ഞു. ഇവരുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
ചുമത്തിയത് കൊലക്കുറ്റം ഉൾപ്പെടെ 7 വകുപ്പുകൾ
രണ്ട് കൊലപാതകങ്ങളും വെവ്വേറെ കേസുകളായാണ് പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കൊലപാതകം, തെളിവ് നശിപ്പിക്കൽ, കുട്ടികളോടുള്ള ക്രൂരത തുടങ്ങി ഭാരതീയ ന്യായ സംഹിതയിലെയും ജുവനൈൽ ജസ്റ്റിസ് ആക്ടിലെയും ഏഴ് വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. കുറ്റം തെളിയിക്കപ്പെട്ടാൽ മൂന്ന് വർഷം മുതൽ വധശിക്ഷയോ ജീവപര്യന്തം തടവോ വരെ ലഭിക്കാവുന്ന കുറ്റങ്ങളാണിത്.