
കൊച്ചി: മലയാളം വാർത്താ ചാനലുകളിലെ ടിആർപി റേറ്റിംഗ് പോരാട്ടത്തിൽ വീണ്ടും അട്ടിമറി. കഴിഞ്ഞയാഴ്ച ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച ഏഷ്യാനെറ്റ് ന്യൂസിനെ ഈ ആഴ്ച പിന്തള്ളി റിപ്പോർട്ടർ ടിവി ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തി. ട്വന്റിഫോർ ന്യൂസ് വൻ കുതിപ്പ് നടത്തി മൂന്നാം സ്ഥാനത്ത് തുടരുമ്പോൾ, ആദ്യ മൂന്ന് സ്ഥാനക്കാർ തമ്മിലുള്ള മത്സരം കനക്കുകയാണ്.
‘കേരളം’ കാറ്റഗറിയിലെ പുതിയ കണക്കുകൾ
ബാർക്ക് (BARC) പുറത്തുവിട്ട ഏറ്റവും പുതിയ ആഴ്ചയിലെ കണക്കുകൾ (കേരളം, എല്ലാ പ്രായക്കാർ) അനുസരിച്ച്, റിപ്പോർട്ടർ ടിവിയാണ് ഒന്നാം സ്ഥാനത്ത്. കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോൾ എല്ലാ പ്രധാന ചാനലുകളും പ്രേക്ഷകരെ വർധിപ്പിച്ചിട്ടുണ്ട്.
ഏറ്റവും കൂടുതൽ പ്രേക്ഷകരെ വർധിപ്പിച്ചത് ട്വന്റിഫോർ ന്യൂസാണ് (30.5 പോയിന്റ്). റിപ്പോർട്ടർ ടിവി 29.57 പോയിന്റും ഏഷ്യാനെറ്റ് ന്യൂസ് 23.61 പോയിന്റും വർധിപ്പിച്ചു.
ചാനൽ | പോയിന്റ് |
റിപ്പോർട്ടർ ടിവി | 116 |
ഏഷ്യാനെറ്റ് ന്യൂസ് | 114.36 |
ട്വന്റിഫോർ | 106.69 |
മനോരമ ന്യൂസ് | 52.55 |
മാതൃഭൂമി ന്യൂസ് | 45.83 |
ന്യൂസ് മലയാളം 24×7 | 30.73 |
കൈരളി ന്യൂസ് | 26.52 |
ജനം ടിവി | 21.06 |
ന്യൂസ് 18 കേരള | 18.21 |
മീഡിയ വൺ ടിവി | 11.4 |
പുരുഷ പ്രേക്ഷകർക്കിടയിൽ ഏഷ്യാനെറ്റ് മുന്നിൽ
അതേസമയം, 22 വയസ്സിന് മുകളിലുള്ള പുരുഷ പ്രേക്ഷകരുടെ വിഭാഗത്തിൽ (Male 22+ ABC) ഏഷ്യാനെറ്റ് ന്യൂസ് ഒന്നാം സ്ഥാനം നിലനിർത്തി. 155.19 പോയിന്റാണ് ഏഷ്യാനെറ്റിന് ഈ വിഭാഗത്തിലുള്ളത്. റിപ്പോർട്ടർ ടിവി (149.64), ട്വന്റിഫോർ (125.4) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ഈ വിഭാഗത്തിൽ കൈരളി ന്യൂസ് ആറാം സ്ഥാനത്തേക്ക് ഉയർന്നതും ശ്രദ്ധേയമാണ്.
റേറ്റിംഗിലെ കുതിപ്പിന് പിന്നിൽ
നിലമ്പൂർ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വാർത്തകളും ചർച്ചകളും, ഇറാൻ-ഇസ്രയേൽ സംഘർഷത്തിന്റെ വിശദമായ റിപ്പോർട്ടിംഗുമാണ് കഴിഞ്ഞയാഴ്ച ചാനലുകളുടെ പ്രേക്ഷകരുടെ എണ്ണത്തിൽ പൊതുവായ വർധനവുണ്ടാകാൻ കാരണമെന്ന് വിലയിരുത്തപ്പെടുന്നു. റിപ്പോർട്ടർ ടിവിയിലെ ‘മീറ്റ് ദി എഡിറ്റേഴ്സ്’ പോലുള്ള പരിപാടികൾ റേറ്റിംഗിൽ വലിയ സ്വാധീനം ചെലുത്തുന്നുണ്ടെങ്കിലും, അതിലെ അവതരണ ശൈലിക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനങ്ങളും ഉയരുന്നുണ്ട്.