BusinessNews

എസിക്ക് വില കൂടും, കറന്റ് ബിൽ കുറയും; സ്റ്റാർ റേറ്റിംഗിൽ കേന്ദ്രത്തിന്റെ ‘ഷോക്ക്’ ട്രീറ്റ്മെന്റ് വരുന്നു

ന്യൂഡൽഹി: അടുത്ത വർഷം എയർ കണ്ടീഷണർ (എസി) വാങ്ങാൻ പ്ലാനുണ്ടോ? എങ്കിൽ വില അൽപ്പം കൂടും, പക്ഷെ കറന്റ് ബില്ലിൽ വലിയ ആശ്വാസം പ്രതീക്ഷിക്കാം. രാജ്യത്തെ എസികളുടെ ഊർജ്ജക്ഷമത വർധിപ്പിക്കുന്നതിനായി കേന്ദ്ര ഊർജ മന്ത്രാലയം പുതിയ മാനദണ്ഡങ്ങൾ പുറത്തിറക്കി. ഇതനുസരിച്ച് 2026 ഏപ്രിൽ 1 മുതൽ വിൽക്കുന്ന പുതിയ എസികൾക്ക് ഉയർന്ന ഊർജ്ജക്ഷമത നിർബന്ധമാകും.

എന്താണ് മാറ്റം?

പുതിയ നിയമം വരുന്നതോടെ എസികളുടെ സ്റ്റാർ റേറ്റിംഗ് സംവിധാനം അടിമുടി മാറും. കൂടുതൽ കാര്യക്ഷമത ഉറപ്പാക്കുന്നതിന്റെ ഭാഗമായി, നിലവിലെ സ്റ്റാർ റേറ്റിംഗിനേക്കാൾ ഉയർന്ന നിലവാരം പുലർത്തുന്നവയാകും പുതിയ എസികൾ.

  • 2026 ഏപ്രിൽ 1-ന് ശേഷം പുറത്തിറങ്ങുന്ന ഒരു 1 സ്റ്റാർ എസി, ഇപ്പോൾ നമ്മൾ വാങ്ങുന്ന 2 സ്റ്റാർ എസിയേക്കാൾ ഊർജ്ജക്ഷമതയുള്ളതായിരിക്കും.
  • ഇപ്പോൾ വാങ്ങുന്ന ഒരു 4 സ്റ്റാർ എസിയുടെ പ്രകടനം, പുതിയ നിയമം വന്നാൽ ഒരു 3 സ്റ്റാർ എസിക്ക് ഏകദേശം തുല്യമായിരിക്കും.

ലളിതമായി പറഞ്ഞാൽ, കുറഞ്ഞ വൈദ്യുതി ഉപയോഗിച്ച് കൂടുതൽ തണുപ്പ് നൽകാൻ പുതിയ എസികൾക്ക് സാധിക്കും.

ഉപഭോക്താവിനെ ബാധിക്കുന്നതെങ്ങനെ?

  • വില കൂടും: ഊർജ്ജക്ഷമത വർധിപ്പിക്കുന്നതിന് മികച്ച സാങ്കേതികവിദ്യ ഉപയോഗിക്കേണ്ടി വരുന്നതിനാൽ പുതിയ എസികളുടെ നിർമ്മാണച്ചെലവ് കൂടും. ഇത് വിപണിയിൽ എസികളുടെ വില വർധിക്കാൻ കാരണമാകും.
  • കറന്റ് ബിൽ കുറയും: എസിയുടെ ഊർജ്ജക്ഷമത കൂടുന്നതിനനുസരിച്ച് വൈദ്യുതി ഉപഭോഗം കുറയും. അതിനാൽ, ദീർഘകാലാടിസ്ഥാനത്തിൽ കറന്റ് ബില്ലിൽ കാര്യമായ ലാഭം ഉപഭോക്താക്കൾക്ക് ലഭിക്കും.

രാജ്യത്തെ മൊത്തം ഊർജ്ജ ഉപഭോഗം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സർക്കാർ ഈ മാറ്റം കൊണ്ടുവരുന്നത്. 2010-ലാണ് ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസി (BEE) എസികൾക്ക് സ്റ്റാർ റേറ്റിംഗ് നിർബന്ധമാക്കിയത്. അതിനുശേഷം കാലാനുസൃതമായി ഈ മാനദണ്ഡങ്ങൾ നവീകരിച്ചുകൊണ്ടിരിക്കുകയാണ്.