BusinessNews

20 ബില്യൺ ഡോളറിന്റെ റെക്കോർഡ് നിക്ഷേപം പ്രഖ്യാപിച്ച് ഗൗതം അദാനി

അഹമ്മദാബാദ്: സമീപകാലത്തുണ്ടായ കടുത്ത ആരോപണങ്ങൾക്കും വിവാദങ്ങൾക്കും മറുപടിയായി, വരും വർഷങ്ങളിൽ തകർപ്പൻ വളർച്ചാ പദ്ധതികൾ പ്രഖ്യാപിച്ച് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി.

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഗ്രൂപ്പിന്റെ വിവിധ സംരംഭങ്ങളിലായി പ്രതിവർഷം 15 മുതൽ 20 ബില്യൺ ഡോളർ വരെ (ഏകദേശം 1.25 ലക്ഷം കോടി രൂപ മുതൽ 1.66 ലക്ഷം കോടി രൂപ വരെ) നിക്ഷേപിക്കുമെന്ന് അദ്ദേഹം വാർഷിക പൊതുയോഗത്തിൽ (AGM) പ്രഖ്യാപിച്ചു. ഇത് ഗ്രൂപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ മൂലധന നിക്ഷേപ പദ്ധതിയാണ്.

കൊടുങ്കാറ്റുകളെ അതിജീവിച്ചെന്ന് അദാനി

ഹിൻഡൻബർഗ് റിപ്പോർട്ടിനും കൈക്കൂലി സംബന്ധിച്ച യുഎസ് അധികൃതരുടെ അന്വേഷണങ്ങൾക്കും പിന്നാലെയുണ്ടായ കടുത്ത പ്രതിസന്ധികളെക്കുറിച്ച് സംസാരിച്ച ഗൗതം അദാനി, യഥാർത്ഥ നേതൃത്വം രൂപപ്പെടുന്നത് പ്രതിസന്ധികളുടെ തീച്ചൂളയിലാണെന്ന് പറഞ്ഞു.

“കൊടുങ്കാറ്റുകൾക്കും നിരന്തരമായ പരിശോധനകൾക്കും മുന്നിൽ അദാനി ഗ്രൂപ്പ് ഒരിക്കലും തളർന്നിട്ടില്ല. ആരോപണങ്ങൾ ഉയർന്നെങ്കിലും, അദാനി ഗ്രൂപ്പിലെ ഒരാൾക്കെതിരെയും യുഎസ് ഫോറിൻ കറപ്റ്റ് പ്രാക്ടീസസ് ആക്ട് (FCPA) പ്രകാരം കേസെടുത്തിട്ടില്ലെന്നതാണ് വാസ്തവം,” അദ്ദേഹം വ്യക്തമാക്കി.

ഗ്രൂപ്പിന്റെ ഭരണം ആഗോള നിലവാരത്തിലുള്ളതാണെന്നും നിയമപരമായ നടപടികളോട് പൂർണ്ണമായി സഹകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശക്തമായ സാമ്പത്തിക പ്രകടനവും റെക്കോർഡ് വരുമാനവും ഗ്രൂപ്പിന്റെ തിരിച്ചുവരവിന് അടിവരയിടുന്നു.

ഓരോ മേഖലയിലും വമ്പൻ കുതിപ്പ്

പ്രസംഗത്തിൽ അദാനി ഗ്രൂപ്പിന്റെ ഓരോ സംരംഭങ്ങളിലെയും നേട്ടങ്ങളും ഭാവി പദ്ധതികളും അദ്ദേഹം വിശദീകരിച്ചു:

  • ഊർജ്ജം: അദാനി പവർ 100 ബില്യൺ യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിച്ചു. 2030-ഓടെ താപ, സൗരോർജ്ജ, ജലവൈദ്യുത പദ്ധതികളെല്ലാം ചേർത്ത് 100 ഗിഗാവാട്ട് ശേഷി കൈവരിക്കും.
  • ഹരിതോർജ്ജം: ഗുജറാത്തിലെ ഖാവ്ദയിൽ ലോകത്തിലെ ഏറ്റവും വലിയ പുനരുപയോഗ ഊർജ്ജ പാർക്ക് നിർമ്മിക്കുന്നു. 2030-ഓടെ 50 ഗിഗാവാട്ട് ശേഷിയാണ് ലക്ഷ്യം.
  • തുറമുഖം: അദാനി പോർട്ട്സ് 450 ദശലക്ഷം ടൺ കാർഗോ കൈകാര്യം ചെയ്ത് റെക്കോർഡിട്ടു.
  • വിമാനത്താവളം: 94 ദശലക്ഷം യാത്രക്കാർക്ക് സേവനം നൽകി. നവി മുംബൈ വിമാനത്താവളം ഈ വർഷം പ്രവർത്തനം ആരംഭിക്കും.
  • സിമന്റ്: ഏറ്റെടുത്ത് രണ്ടര വർഷത്തിനുള്ളിൽ സിമന്റ് ഉത്പാദന ശേഷി 100 ദശലക്ഷം ടൺ കടന്നു.
  • ധാരാവി പുനരധിവാസം: ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയിലെ പുനരധിവാസ പദ്ധതിയെ ‘ഏറ്റവും പരിവർത്തനാത്മകമായ’ പദ്ധതിയെന്നാണ് അദാനി വിശേഷിപ്പിച്ചത്. 10 ലക്ഷത്തിലധികം ആളുകളെ പുതിയ ടൗൺഷിപ്പിലേക്ക് മാറ്റുന്നതാണ് പദ്ധതി.

“ഞങ്ങൾ കേവലം വിപണികളെ സേവിക്കുകയല്ല, രാഷ്ട്രത്തിന്റെ ഭാഗധേയം നിർണ്ണയിക്കുന്നതിൽ പങ്കാളികളാവുകയാണ്. ഞങ്ങൾ കെട്ടിപ്പടുക്കുന്നത് കോൺക്രീറ്റ് മാത്രമല്ല, ഇന്ത്യയുടെ ഭാവിക്കുള്ള അടിത്തറയാണ്,” അദാനി പറഞ്ഞു.