
കൊല്ലം: ജപ്തി നടപടികൾ ഒഴിവാക്കിത്തരാമെന്ന് വിശ്വസിപ്പിച്ച് ജ്വല്ലറി ഉടമയിൽ നിന്ന് 2.51 കോടി രൂപ തട്ടിയെടുത്തെന്ന കേസിൽ സസ്പെൻഷനിലായ അസിസ്റ്റന്റ് പൊലീസ് കമ്മീഷണർക്കെതിരായ അന്വേഷണം സംസ്ഥാന ക്രൈം ബ്രാഞ്ചിന് വിട്ടേക്കും. ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ പ്രതിയായ കേസ് എന്ന ഗൗരവം കണക്കിലെടുത്ത് അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറണമെന്ന് കൊല്ലം സിറ്റി പൊലീസ് കമ്മീഷണർ കിരൺ നാരായണൻ ഡിജിപിക്ക് റിപ്പോർട്ട് നൽകി. ഡിജിപിയുടെ അന്തിമ ഉത്തരവ് ഉടൻ ഉണ്ടാകുമെന്നാണ് സൂചന.
നിലവിൽ ജില്ലാ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്. കേസിലെ ഒന്നാം പ്രതിയും കോഴിക്കോട് ട്രാഫിക് അസി. പൊലീസ് കമ്മീഷണറുമായിരുന്ന തൃശൂർ സ്വദേശി കെ.എ സുരേഷ്ബാബുവിനെ കഴിഞ്ഞ ദിവസം സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യ വി.പി നുസ്രത്ത്, കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ ബാലചന്ദ്രക്കുറുപ്പ് എന്നിവരാണ് കേസിലെ രണ്ടും മൂന്നും പ്രതികൾ.
തട്ടിപ്പിന്റെ നാൾവഴികൾ
ജില്ലയ്ക്കകത്തും പുറത്തും ശാഖകളുണ്ടായിരുന്ന പ്രമുഖ ജ്വല്ലറി ഗ്രൂപ്പിന്റെ ഉടമയും കൊല്ലം രണ്ടാംകുറ്റി സ്വദേശിയുമായ അബ്ദുൽ സലാമാണ് പരാതിക്കാരൻ. ഒരു പൊതുമേഖലാ ബാങ്കിൽ നിന്നെടുത്ത ഓവർ ഡ്രാഫ്റ്റ് വായ്പ പലിശയടക്കം 52 കോടിയോളം രൂപ കുടിശികയായതിനെ തുടർന്ന്, ജ്വല്ലറി ഉടമയുടെ ഈടുവസ്തുക്കൾ ജപ്തി ചെയ്യാൻ ബാങ്ക് നിയമനടപടികൾ ആരംഭിച്ചിരുന്നു.
ഈ സമയത്താണ് ഡോ. ബാലചന്ദ്രക്കുറുപ്പ് വഴി എസിപി സുരേഷ്ബാബുവും ഭാര്യയും അബ്ദുൽ സലാമിനെ സമീപിക്കുന്നത്. ബാങ്കിലും കോടതിയിലും ജഡ്ജി അടക്കമുള്ളവരിലുമെല്ലാം തങ്ങൾക്ക് വലിയ സ്വാധീനമുണ്ടെന്നും, കുടിശിക തുക കുറച്ച് ജാമ്യവസ്തുക്കൾ ലേലത്തിൽ പോകാതെ വീണ്ടെടുത്തു നൽകാമെന്നും ഇവർ വിശ്വസിപ്പിച്ചു. ഈ വാഗ്ദാനം വിശ്വസിച്ച അബ്ദുൽ സലാം പലതവണകളായി 2.51 കോടി രൂപ ഇവർക്ക് കൈമാറി. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും ജപ്തി ഒഴിവാക്കാൻ ഒരു നടപടിയും ഉണ്ടാകാതെ വന്നതോടെയാണ് താൻ കബളിപ്പിക്കപ്പെട്ടതായി ജ്വല്ലറി ഉടമ തിരിച്ചറിയുകയും മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകുകയും ചെയ്തത്.
അന്വേഷണം ഊർജിതം
കേസ് സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറാനുള്ള നടപടികൾ പുരോഗമിക്കുമ്പോഴും, നിലവിലെ അന്വേഷണ സംഘമായ ജില്ലാ ക്രൈംബ്രാഞ്ച് തെളിവുശേഖരണം ഊർജിതമായി തുടരുകയാണ്. ജില്ലാ ക്രൈംബ്രാഞ്ച് അസി. കമ്മീഷണർ ബിനു ശ്രീധറിന്റെ നേതൃത്വത്തിലുള്ള സംഘം ബാങ്കിൽ നിന്നുള്ള രേഖകൾ ഉൾപ്പെടെ ശേഖരിക്കുന്നുണ്ട്. പണം കൈമാറിയതിന്റെ രേഖകൾ വിശദമായി പരിശോധിച്ച ശേഷം പ്രതികളെ ചോദ്യം ചെയ്യാനാണ് തീരുമാനം.