News

2026 ൽ കൊടുങ്കാറ്റ് പോലെ യുഡിഎഫ് തിരിച്ചുവരുമെന്ന് നേതൃത്വം

തിരുവനന്തപുരം: നിലമ്പൂരിലെ ചരിത്ര വിജയത്തിന് പിന്നാലെ, സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ പ്രതികരണവുമായി ഐക്യമുന്നണി നേതൃത്വം. കേരളത്തിൽ യഥാർത്ഥത്തിൽ ഭരണമാറ്റം സംഭവിച്ചു കഴിഞ്ഞുവെന്നും പിണറായി വിജയൻ സർക്കാർ ഇനി ഒരു ‘കെയർടേക്കർ’ സർക്കാർ മാത്രമാണെന്നും മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണി പ്രഖ്യാപിച്ചു. ഇത് 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള കൃത്യമായ ചൂണ്ടുപലകയാണെന്നും യുഡിഎഫ് നേതാക്കൾ ഒറ്റസ്വരത്തിൽ പറഞ്ഞു.

നിലമ്പൂരിലെ ഉജ്ജ്വല വിജയത്തിൽ പ്രതികരിക്കുകയായിരുന്നു നേതാക്കൾ. “നിയമസഭയിൽ ഭൂരിപക്ഷമുള്ളതുകൊണ്ട് പിണറായി സർക്കാരിന് തുടരാം, പക്ഷെ കേരളത്തിലെ ജനങ്ങൾ നിങ്ങളെ തിരസ്കരിച്ചുവെന്നതിന്റെ അവസാനത്തെ തെളിവാണ് നിലമ്പൂരിലേത്. ഇത് കണ്ടിട്ടെങ്കിലും സർക്കാർ പാഠം പഠിക്കണം,” എ.കെ. ആന്റണി തിരുവനന്തപുരത്ത് പറഞ്ഞു.

UDF - Kerala - Nilambur Election Result

സെമി ഫൈനൽ ജയിച്ചു, ഫൈനലിൽ കൊടുങ്കാറ്റാകും: വി.ഡി. സതീശൻ

ഇതൊരു സെമി ഫൈനൽ വിജയമാണെന്നും, ഫൈനലായ 2026-ലെ തിരഞ്ഞെടുപ്പിൽ യുഡിഎഫ് ഒരു കൊടുങ്കാറ്റുപോലെ അധികാരത്തിൽ വരുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു. “കേരളത്തിലെ ഏറ്റവും ശക്തമായ മുന്നണിയായി യുഡിഎഫ് മാറി. കോൺഗ്രസിന്റെയും ലീഗിന്റെയും മുഴുവൻ പ്രവർത്തകർക്കും ഞാൻ ഒരു ബിഗ് സല്യൂട്ട് നൽകുകയാണ്. ജനങ്ങൾ രാഷ്ട്രീയമായി കാര്യങ്ങൾ മനസ്സിലാക്കി വോട്ട് ചെയ്തു. യുഡിഎഫിന്റെ ഈ രാഷ്ട്രീയ വിജയം വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകൾക്കുള്ള ശുഭസൂചനയാണ്,” സതീശൻ പറഞ്ഞു.

ജനവിരുദ്ധ സർക്കാരിനെതിരായ വിധിയെഴുത്ത്: സാദിഖലി തങ്ങൾ

സംസ്ഥാനം ഭരിക്കുന്ന സർക്കാരിനെതിരായ പൊതുജനത്തിന്റെ വികാരമാണ് നിലമ്പൂരിൽ പ്രതിഫലിച്ചതെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പ്രതികരിച്ചു. “ജനവിരുദ്ധ നയങ്ങൾക്കെതിരായ ശക്തമായ വിധിയെഴുത്താണിത്. എല്ലാ നേതാക്കന്മാരും ഒരുമിച്ച് നിന്ന് നടത്തിയ കൂട്ടായ പ്രവർത്തനത്തിന്റെ വിജയമാണിത്. കേരളത്തിന്റെ രാഷ്ട്രീയ ഭാവിയിലേക്കുള്ള ചൂണ്ടുപലകയായി ഈ വിജയം മാറും,” അദ്ദേഹം കൂട്ടിച്ചേർത്തു.

ഒത്തൊരുമയോടെ പ്രവർത്തിച്ചാൽ ഏത് കോട്ടയും തകർക്കാമെന്ന് തെളിയിച്ച പ്രവർത്തകരുടെ കൂട്ടായ വിജയമാണിതെന്നും, ഈ വിജയം 2026-ൽ യുഡിഎഫിനെ അധികാരത്തിലെത്തിക്കുമെന്ന കാര്യത്തിൽ സംശയമില്ലെന്നും നേതാക്കൾ വ്യക്തമാക്കി.