
തൃശൂർ/ബെംഗളൂരു: പ്രത്യേക പൂജയുടെ പേരിൽ കർണാടക സ്വദേശിനിയായ യുവതിയെ പീഡിപ്പിക്കുകയും നഗ്ന വീഡിയോ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന പരാതിയിൽ പെരിങ്ങോട്ടുകര ദേവസ്ഥാനം ക്ഷേത്രത്തിലെ പൂജാരി അറസ്റ്റിൽ. ക്ഷേത്രത്തിലെ പൂജാരിയായ അരുൺ ആണ് പിടിയിലായത്. സംഭവത്തിലെ മുഖ്യപ്രതിയും പ്രധാന പൂജാരിയുമായ ഉണ്ണി ഒളിവിലാണ്.
പൂജയ്‌ക്കെത്തിയ യുവതിക്ക് നേരിടേണ്ടി വന്നത്
കുടുംബപ്രശ്നങ്ങളെ തുടർന്ന് പരിഹാരത്തിനായി പെരിങ്ങോട്ടുകരയിലെ കാനാടിക്കാവ് ശ്രീ വിഷ്ണുമായ കുട്ടിച്ചാത്തൻ ക്ഷേത്രത്തിൽ പൂജ നടത്താനെത്തിയതായിരുന്നു കർണാടക സ്വദേശിനിയായ യുവതി. ഇവിടെ വെച്ച് പരിചയപ്പെട്ട പൂജാരിമാരായ അരുണും ഉണ്ണിയും പൂജയുടെയും മന്ത്രവാദത്തിന്റെയും പേരിൽ യുവതിയെ നിരന്തരം വാട്സാപ്പ് സന്ദേശങ്ങളിലൂടെയും വീഡിയോ കോളുകളിലൂടെയും ശല്യപ്പെടുത്താൻ തുടങ്ങി.
ഭീഷണിപ്പെടുത്തി പണം തട്ടാനും ശ്രമം
നഗ്ന വീഡിയോ അയച്ചുനൽകിയില്ലെങ്കിൽ, പ്രത്യേക പൂജകൾ നടത്തി കുടുംബത്തെയും കുട്ടികളെയും അപകടത്തിലാക്കുമെന്ന് ഇവർ ഭീഷണിപ്പെടുത്തി. മറ്റൊരു പൂജ ചെയ്യുന്നതിനായി 25,000 രൂപ ആവശ്യപ്പെടുകയും ചെയ്തു. പിന്നീട് നിർബന്ധിച്ച് കേരളത്തിൽ എത്തിച്ച ശേഷം കാറിൽ വെച്ച് പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിന് നിർബന്ധിക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്ന് യുവതി ബെംഗളൂരുവിലെ ബെല്ലന്ദൂർ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു.
വീഡിയോ കോൾ രേഖകൾ ഉൾപ്പെടെയുള്ള തെളിവുകൾ സഹിതമാണ് യുവതി പരാതി നൽകിയിരിക്കുന്നത്. കർണാടക പോലീസ് രജിസ്റ്റർ ചെയ്ത കേസിന്റെ അടിസ്ഥാനത്തിലാണ് അരുണിനെ അറസ്റ്റ് ചെയ്തത്. അതേസമയം, ക്ഷേത്ര ഭാരവാഹികൾ ആരോപണങ്ങൾ നിഷേധിച്ചു.