EducationNews

സ്കൂളുകളിൽ തിങ്കളാഴ്ച പ്രതിഷേധ ദിനം; പ്രവൃത്തി സമയം ദീർഘിപ്പിച്ചതിനെതിരെ കെ.പി.എസ്.ടി.എ

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ തിങ്കളാഴ്ച (ജൂൺ 16) പ്രതിഷേധ ദിനം ആചരിക്കാൻ പ്രതിപക്ഷ അധ്യാപക സംഘടനയായ കെ.പി.എസ്.ടി.എ (കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ) ആഹ്വാനം ചെയ്തു.

ഹൈസ്‌കൂളുകളിലെ പ്രവൃത്തി സമയം ദീർഘിപ്പിച്ചതിനും ആറാം പ്രവൃത്തി ദിനത്തിൽ യുഐഡി ഉള്ള കുട്ടികളെ മാത്രം തസ്തിക നിർണയത്തിൽ പരിഗണിക്കുന്നതിനും എതിരെയാണ് തികളാഴ്ച പ്രതിഷേധ ദിനമായി ആചരിക്കുന്നത്.

ജൂൺ 21 ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഓഫിസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിക്കുമെന്നും സംസ്ഥാന പ്രസിഡണ്ട് കെ. അബ്ദുൾ മജീദ് അറിയിച്ചു. ഈ വിഷയങ്ങളിൽ പരിഹാരം ആവശ്യപ്പെട്ട് സംഘടനാനേതാക്കൾ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് നിവേദനവും സമർപ്പിച്ചു.

പൊതുവിദ്യാലയങ്ങളെ പല തട്ടിലാക്കുന്ന സമയമാറ്റ തീരുമാനം പിൻവലിക്കണമെന്നും തസ്തിക നിർണയത്തിനായി കുട്ടികളുടെ യുഐഡി സമർപ്പിക്കാർ ജൂലൈ 15 വരെ സമയം അനുവദിക്കണമെന്നുമാണ് സംഘടനയുടെ ആവശ്യം. നിയമന അംഗീകാരം ലഭിച്ച മുഴുവൻ അധ്യാപകർക്കും തസ്തിക നഷ്ടപ്പെട്ടാലും സംരക്ഷണാനുകൂല്യം നൽകണമെന്നും സംഘടന ആവശ്യപ്പെടുന്നു.