FinanceNationalNews

ക്ഷാമബത്ത കുടിശിക: കേരളം നമ്പർ വൺ ! പത്ത് സംസ്ഥാനങ്ങളിൽ ക്ഷാമബത്ത കുടിശിക ഇല്ല

ക്ഷാമബത്ത കുടിശിക ഇല്ലാത്ത സംസ്ഥാനമായി ഗുജറാത്തും . 2025 ജനുവരി പ്രാബല്യത്തിലെ 2 ശതമാനം ക്ഷാമബത്ത അനുവദിച്ചതോടെയാണ് ഗുജറാത്ത് ക്ഷാമബത്ത കുടിശിക ഇല്ലാത്ത സംസ്ഥാനമായി മാറിയത്. ഏപ്രിൽ 16 നാണ് ഗുജറാത്ത് സർക്കാർ 2 ശതമാനം ക്ഷാമബത്ത അനുവദിച്ചത്.

മെയ് മാസം വിതരണം ചെയ്ത ശമ്പളത്തോടൊപ്പം പ്രഖ്യാപിച്ച 2 ശതമാനം ക്ഷാമബത്തയും നൽകി. ഒപ്പം കുടിശികയും ശമ്പളത്തോടൊപ്പം വിതരണം ചെയ്തു. പെൻഷൻകാർക്കും 2025 ജനുവരി പ്രാബല്യത്തിലെ ക്ഷാമ ആശ്വാസം അനുവദിച്ചു. ഒപ്പം കുടിശികയും നൽകി.4.78 ലക്ഷം സർക്കാർ ഉദ്യോഗസ്ഥർക്കും 4.81 ലക്ഷം പെൻഷൻകാർക്കും ഇതിൻ്റെ പ്രയോജനം ലഭിക്കുമെന്ന് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ പറഞ്ഞു.

ഇതോടെ ക്ഷാമബത്ത കുടിശിക ഇല്ലാത്ത സംസ്ഥാനങ്ങളുടെ എണ്ണം രാജ്യത്ത് പത്തായി ഉയർന്നു. ഗുജറാത്തിനെ കൂടാതെ
ഗോവ, ആസാം, ഉത്തർപ്രദേശ്, ബീഹാർ, മധ്യപ്രദേശ്, തമിഴ്നാട്, അരുണാചൽപ്രദേശ്, കാശ്മീർ, ഹരിയാന എന്നീ സംസ്ഥാനങ്ങളാണ് ക്ഷാമബത്ത പൂർണമായും നൽകിയത്. ബാക്കിയുള്ള സംസ്ഥാനങ്ങളിൽ കേരളം ഒഴികെ എല്ലായിടത്തും ഒന്നും രണ്ടും ഗഡുക്കളാണ് ക്ഷാമബത്ത കുടിശിക .

ക്ഷാമബത്ത കുടിശികയിൽ രാജ്യത്ത് നമ്പർ വൺ സ്ഥാനം കേരളത്തിനാണ്. 6 ഗഡുക്കളിലായി 18 ശതമാനം ആണ് കേരളത്തിലെ ക്ഷാമബത്ത കുടിശിക. പ്രഖ്യാപിച്ച ക്ഷാമബത്തക്ക് കുടിശിക അനുവദിക്കാത്ത രാജ്യത്തെ ഏക സംസ്ഥാനവും കേരളം ആണ്. ഐ.എ.എസ് , ഐ.പി.എസ് , ജുഡിഷ്യൽ ഓഫിസർമാർ, പി.എസ്.സി അംഗങ്ങൾ എന്നിവർക്ക് മാത്രമാണ് കേരളത്തിൽ ക്ഷാമബത്ത കൃത്യമായി അനുവദിക്കുന്നതും കുടിശിക പണമായി നൽകുന്നതും.