
കോഴിക്കോട്: നഗരത്തെ നടുക്കിയ മലാപ്പറമ്പ് പെൺവാണിഭക്കേസിൽ രണ്ട് പോലീസ് ഡ്രൈവർമാരെ കൂടി പ്രതി ചേർത്തു. ഷൈജിത്ത്, സനിത്ത് എന്നിവരെയാണ് കേസ് അന്വേഷിക്കുന്ന നടക്കാവ് പോലീസ് പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയത്. ഇതോടെ കേസിൽ പ്രതികളാകുന്നവരുടെ എണ്ണം 12 ആയി.
കഴിഞ്ഞ വെള്ളിയാഴ്ച മലാപ്പറമ്പ് ഇയ്യപ്പാടിയിലെ അപ്പാർട്ട്മെന്റിൽ നടത്തിയ റെയ്ഡിലാണ് പെൺവാണിഭ സംഘം പിടിയിലായത്. നടത്തിപ്പുകാരായ ബിന്ദു, അഭിരാമി, ഉഭേഷ് എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച വിവരങ്ങളുടെയും ഫോൺ രേഖകളുടെയും അടിസ്ഥാനത്തിലാണ് പോലീസുകാരുടെ പങ്ക് വ്യക്തമായത്.
അന്വേഷണത്തിൽ, പ്രതിചേർക്കപ്പെട്ട പോലീസുകാർ അപ്പാർട്ട്മെന്റിലെ സ്ഥിരം സന്ദർശകരായിരുന്നുവെന്നും കേന്ദ്രത്തിന്റെ നടത്തിപ്പിൽ ഇവർക്ക് പങ്കുണ്ടെന്നും പോലീസ് കണ്ടെത്തി. നടത്തിപ്പുകാരിൽ നിന്ന് ഇവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ദിവസവും പണം എത്തിയിരുന്നതായി രേഖകൾ വ്യക്തമാക്കുന്നു. 2022-ൽ മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന സമാനമായ കേസിൽപ്പെട്ട യുവതിയുമായി ഒരു പോലീസുകാരൻ ബന്ധം സ്ഥാപിക്കുകയും ഈ ബന്ധം തുടരുകയുമായിരുന്നുവെന്നും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.
അതേസമയം, ഗുരുതരമായ ആരോപണങ്ങൾ ഉയർന്നിട്ടും ഇവർക്കെതിരെ വകുപ്പുതല നടപടികൾ വൈകുകയാണ്. ഇരുവരും ഇന്നലെയും ജോലിക്ക് ഹാജരായതായി റിപ്പോർട്ടുകളുണ്ട്. പ്രതികളായ പോലീസുകാരിൽ ഒരാൾ പോലീസ് സംഘടനയിലെ സ്വാധീനം ഉപയോഗിച്ച് ക്രമസമാധാന ചുമതലയില്ലാത്ത വിഭാഗത്തിലേക്ക് മാറിയതാണെന്നും സേനയ്ക്കുള്ളിൽ ആരോപണം ഉയരുന്നുണ്ട്. പിടിയിലായ സംഘവുമായി ബന്ധപ്പെട്ട് നഗരത്തിൽ ചില ഭൂമിയിടപാടുകൾ നടന്നതായും പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.