CrimeNews

മയക്കുമരുന്ന് നല്‍കി ആണ്‍കുട്ടികളെ പീഡിപ്പിച്ച കുറ്റ്യാടി സ്വദേശി പിടിയില്‍

കോഴിക്കോട്: പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ മയക്കുമരുന്ന് നൽകി ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കുറ്റ്യാടി സ്വദേശി ചേക്ക് എന്നറിയപ്പെടുന്ന അജ്നാസിനെയാണ് മംഗലാപുരത്ത് വെച്ച് കുറ്റ്യാടി പൊലീസ് പിടികൂടിയത്. കേസെടുത്തതിന് പിന്നാലെ ഇയാൾ ഒളിവിൽ പോവുകയായിരുന്നു.

കുറ്റ്യാടിയിൽ ‘ബെക്കാം’ എന്ന പേരിൽ ബാർബർ ഷോപ്പ് നടത്തിവരികയായിരുന്നു അജ്നാസ്. ഇയാൾക്കെതിരെ രണ്ട് പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തത്.

രാത്രിയിൽ വീടുകളിൽ ഉറങ്ങിക്കിടക്കുന്ന കുട്ടികളെ ഫോണിൽ വിളിച്ച് വീടിന് പുറത്തിറക്കുകയായിരുന്നു പ്രതിയുടെ പതിവ്. തുടർന്ന് കാറിൽ കയറ്റി സ്വന്തം വീട്ടിലെത്തിച്ച് മയക്കുമരുന്ന് കലർത്തിയ ലഹരിവസ്തുക്കൾ നൽകി പീഡിപ്പിക്കുകയായിരുന്നുവെന്ന് കുട്ടികൾ പൊലീസിന് മൊഴി നൽകി. പ്രതി തങ്ങളെ പലതവണ പീഡനത്തിന് ഇരയാക്കിയെന്നും, തങ്ങളുടെ സുഹൃത്തുക്കളെയും സമാനമായ രീതിയിൽ ദുരുപയോഗം ചെയ്തിട്ടുണ്ടെന്നും മൊഴിയിലുണ്ട്.

പരാതിക്കാരായ വിദ്യാർത്ഥികൾക്ക് പുറമെ, പ്രദേശവാസിയായ പത്തൊമ്പതുകാരനും അജ്നാസിൽ നിന്ന് സമാനമായ ദുരനുഭവം ഉണ്ടായതായി വെളിപ്പെടുത്തിയിട്ടുണ്ട്. ഇതോടെ കൂടുതൽ കുട്ടികൾ ഇയാളുടെ പീഡനത്തിന് ഇരയായിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്. പ്രകൃതിവിരുദ്ധ പീഡനത്തിനും പ്രായപൂർത്തിയാകാത്തവർക്ക് മയക്കുമരുന്ന് നൽകിയതിനും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി തുടർനടപടികൾ സ്വീകരിക്കും.