
എം. സ്വരാജ് നിലമ്പൂരിൽ സ്ഥാനാർത്ഥി
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം. സ്വരാജ് സിപിഎം സ്ഥാനാർത്ഥി. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വാർത്ത സമ്മേളനത്തിലാണ് സ്വരാജിന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്.
സ്വരാജ് രാഷ്ട്രീയ പോരാത്തതിന് മികച്ച സ്ഥാനാർഥിയാണെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. സഖാവ് കുഞ്ഞാലിയുടെ നാടായ നിലമ്പൂർ സിപിഎമ്മിന് രാഷ്ട്രീയ പ്രാധാന്യമുള്ള മണ്ഡലമാണ്. പിവി അൻവർ ഇടത് മുന്നണിയെ വഞ്ചിച്ചുവെന്നും ഒറ്റുകൊടുത്തു രാഷ്ട്രീയ യൂദാസാണ് അൻവറെന്നും ഗോവിന്ദൻ കുറ്റപ്പെടുത്തി. കാല് പിടിക്കുമ്പോ മുഖത്ത് ചളിവാരി എറിയുന്നു എന്നാണ് അൻവർ യുഡിഎഫിനെ കുറിച്ച് പറഞ്ഞത്. അൻവറിന്റെ ദയനീയ ചിത്രം കേരളം കാണുന്നുണ്ട്. രാഷ്ട്രീയ പോരാട്ടമാണെന്നും ഗോവിന്ദൻ പറഞ്ഞു.
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷമാണ് പാർട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. സിറ്റിങ് സീറ്റായ നിലമ്പൂരിൽ എൽഡിഎഫിനും സിപിഎമ്മിനും അഭിമാന പോരാട്ടമാണ്. ഈ സാഹചര്യത്തിലാണ് പാർട്ടിയുടെ പ്രമുഖ നേതാവിനെ തന്നെ സ്ഥാനാർഥിയാക്കാൻ തീരുമാനിച്ചിരിക്കുന്നത്. തൃപ്പൂണിത്തുറ മുൻ എംഎൽഎ ആയ സ്വരാജ് കഴിഞ്ഞ തവണ പരാജയപ്പെട്ടിരുന്നു. ഇടത് സ്വതന്ത്രനായിരുന്ന പി.വി.അൻവർ മുഖ്യമന്ത്രിയുമായുള്ള അസ്വാരസ്യത്തെ തുടർന്ന് എംഎൽഎ സ്ഥാനം രാജിവെച്ച് മുന്നണി വിട്ടതോടെയാണ് നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പിന് വഴിയൊരുങ്ങിയത്.