MediaNews

റിപ്പോർട്ടർ ടിവി മുന്നിൽ; ഏഷ്യാനെറ്റ് ന്യൂസ് രണ്ടാമത്; വാർത്താ ചാനല്‍ റേറ്റിങില്‍ അട്ടിമറികളുമായി പുതിയ റിപ്പോർട്ടർ ടിവി

കൊച്ചി: കേരളത്തിലെ വാർത്താ ചാനലുകളുടെ 19-ാം ആഴ്ചയിലെ ബാർക് (BARC) റേറ്റിംഗ് പുറത്തുവന്നപ്പോൾ റിപ്പോർട്ടർ ടിവി ഒന്നാം സ്ഥാനത്ത്. 105.69 GRP (ഗ്രോസ് റേറ്റിംഗ് പോയിന്റ്) നേടിയാണ് റിപ്പോർട്ടർ ടിവി ഈ നേട്ടം കൈവരിച്ചത്. തൊട്ടുപിന്നിൽ 98.25 GRP യുമായി ഏഷ്യാനെറ്റ് ന്യൂസ് രണ്ടാം സ്ഥാനത്തും, 76.4 GRP യുമായി ട്വന്റിഫോർ ന്യൂസ് മൂന്നാം സ്ഥാനത്തുമുണ്ട്.

മനോരമ ന്യൂസ് 38.22 GRP യുമായി നാലാം സ്ഥാനത്തും, മാതൃഭൂമി ന്യൂസ് 35.95 GRP യുമായി അഞ്ചാം സ്ഥാനത്തുമാണ്. ന്യൂസ് മലയാളം 24×7 (26.7 GRP), ജനം ടിവി (26.5 GRP), കൈരളി ന്യൂസ് (14.54 GRP), ന്യൂസ്18 കേരള (14.35 GRP), മീഡിയവൺ ടിവി (6.68 GRP) എന്നിങ്ങനെയാണ് മറ്റ് പ്രധാന ചാനലുകളുടെ റേറ്റിംഗ് നില.

ചാനലുകളിലെ പ്രേക്ഷക പങ്കാളിത്തം അളക്കുന്ന ഏജൻസിയായ ബോഡ് കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൌൺസിൽ ( ബാർക് ) ഇന്ന് പുറത്ത് വിട്ട റേറ്റിങ്ങ് കണക്കിലാണ് റിപോർട്ടർ ടിവി, ഏഷ്യാനെറ്റ് ന്യൂസിനെ പിന്നിലാക്കിയത്. കേരളാ യൂണിവേഴ്‌സ് അടക്കമുളള എല്ലാ വിഭാഗങ്ങളിലും സർവാധിപത്യം പുലർത്തി കൊണ്ടാണ് റിപോർട്ടർ ടിവി ഏഷ്യാനെറ്റ് ന്യൂസിനെ അട്ടിമറിച്ചത്. കേരളാ യൂണിവേഴ്‌സ് വിഭാഗത്തിൽ 97.71 പോയിൻറ് നേടിയാണ് റിപോർട്ടർ ടിവി ഒന്നാം സ്ഥാനത്തേക്ക് എത്തിയത്.

തൊട്ട് മുൻപുളള ആഴ്ചയിൽ 73.1 പോയിൻറ് മാത്രം ഉണ്ടായിരുന്ന റിപ്പോർട്ടർ ഈ വിഭാഗത്തിൽ ഏഷ്യാനെറ്റ് ന്യൂസിന് 92.21 പോയിൻറാണ് ലഭിച്ചത്. ഒരാഴ്ച കൊണ്ട് 24.61 പോയിൻറ് വർദ്ധിപ്പിച്ചാണ് റിപ്പോർട്ടർ ടിവി ഒന്നാം സ്ഥാനത്തേക്ക് കുതിച്ചത്.

രണ്ടാം സ്ഥാനത്തുളള ഏഷ്യാനെറ്റ് ന്യൂസിന് 92.21 പോയിൻറാണ് ലഭിച്ചത്. മുൻ ആഴ്ചയിലേക്കാൾ 15.81 പോയിൻറ് വർദ്ധിപ്പിച്ചെങ്കിലും റിപ്പോർട്ടറിന്റെ കുതിപ്പിൽ ഏഷ്യാനെറ്റിന് കാലിടറുകയായിരുന്നു. ഇതാദ്യമായാണ് റിപ്പോർട്ടർ ടിവി വാർത്താ ചാനൽ റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്ത് എത്തുന്നത്. മുൻപ് ഇന്ത്യാവിഷനും സമീപകാലത്ത് ട്വൻറിഫോറും ഏഷ്യാനെറ്റ് ന്യൂസിനെ മറികടന്ന് ഒന്നാം സ്ഥാനത്ത് എത്തിയിട്ടുണ്ട്.