CrimeNews

കൊല നടന്ന ദിവസവും പീഡനം! നാലു വയസുകാരിയെ പീഡിപ്പിച്ച പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി

എറണാകുളം: മൂഴിക്കുളത്ത് അമ്മ പുഴയിലെറിഞ്ഞു കൊലപ്പെടുത്തിയ നാലുവയസുകാരി ലൈംഗിക പീഡനത്തിനിരയായ സംഭവത്തിൽ കുട്ടിയുടെ പിതാവിന്റെ അടുത്ത ബന്ധുവിന്റെ അറസ്റ്റ് പുത്തൻകുരിശ് പോലീസ് രേഖപ്പെടുത്തി. പ്രതിക്കെതിരെ പോക്‌സോ നിയമത്തിലെയും ബാലനീതി നിയമത്തിലെയും വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. ഒന്നര വർഷമായി കുട്ടിയെ പീഡിപ്പിച്ചു വരികയായിരുന്നെന്നും കൊലപാതകം നടന്ന ദിവസം രാവിലെയും പീഡിപ്പിച്ചതായും പ്രതി പോലീസിനോട് സമ്മതിച്ചു.

രണ്ടര വയസ്സുള്ളപ്പോൾ മുതൽ കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്യാൻ തുടങ്ങിയെന്നും, മുതിർന്നവരോടെന്ന പോലെയാണ് ലൈംഗികമായി പെരുമാറിയിരുന്നതെന്നും പ്രതിയുടെ കുറ്റസമ്മത മൊഴിയിൽ പറയുന്നു. അശ്ലീല വീഡിയോകൾ കണ്ടശേഷമായിരുന്നു പലപ്പോഴും പീഡനമെന്നും ഇയാൾ പോലീസിനു മൊഴി നൽകി.

കുട്ടി കൊല്ലപ്പെട്ട ശേഷം നടത്തിയ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് പീഡനവിവരം പുറത്തുവന്നത്. കൊല്ലപ്പെടുന്നതിന് തൊട്ടുമുൻപും കുട്ടി പീഡനത്തിനിരയായിട്ടുണ്ടെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. തുടർന്ന് കുട്ടിയുടെ അടുത്ത ബന്ധുക്കളെ പോലീസ് ചോദ്യം ചെയ്യുകയും ഡോക്ടർമാർ നൽകിയ സൂചനകളുടെ അടിസ്ഥാനത്തിൽ പ്രതിയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

അതേസമയം, കുട്ടി തന്നോടോ മറ്റാരോടെങ്കിലുമോ ഉപദ്രവിക്കപ്പെട്ടതായി പറഞ്ഞിട്ടില്ലെന്നും സ്വകാര്യഭാഗങ്ങളിൽ വേദനയുള്ളതായി സൂചിപ്പിക്കുകയോ മറ്റ് ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിക്കുകയോ ചെയ്തിട്ടില്ലെന്നും അംഗൻവാടി ഹെൽപ്പർ മൊഴി നൽകി. പ്രതി എവിടെപ്പോയാലും കുട്ടിയെയും കൂടെ കൊണ്ടുപോകാറുണ്ടായിരുന്നുവെന്നും ആരോടും അധികം സംസാരിക്കാത്ത പ്രകൃതക്കാരനായിരുന്നുവെന്നും അയൽവാസികളും പറയുന്നു.

കുട്ടിയെ കൊലപ്പെടുത്തിയ കേസിൽ അമ്മയ്‌ക്കെതിരെ ചെങ്ങമനാട് പോലീസ് നേരത്തെ കേസെടുത്തിരുന്നു. ഇവരെ ഉടൻ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം.