ഓയൂരില്‍ നിന്ന് അജ്ഞാതർ തട്ടിക്കൊണ്ടുപോയ ആറുവയസ്സുകാരി അബിഗേല്‍ സാറ റെജിയെ കണ്ടെത്തി. കൊല്ലം ആശ്രാമം മൈതനത്ത് നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ കാണാതായി 20 മണിക്കൂറിന് ശേഷമാണ് കണ്ടെത്തിയത്.
പോലീസും ജനങ്ങളും അന്വേഷണം ഊർജിതമാക്കിയതോടെ പ്രതികള്‍ കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളഞ്ഞെന്നാണ് സൂചന. പ്രതികള്‍ക്കുവേണ്ടി അന്വേഷണം ഊർജിതമായി തന്നെ തുടരുകയാണ്. കുട്ടിയെ പോലീസ് എ.ആർ ക്യാമ്പിലെത്തിച്ച് വൈദ്യ പരിശോധനയും സംഭവിച്ച കാര്യങ്ങളെക്കുറിച്ചും ചോദിച്ചറിയാനാണ് പോലീസ് ആലോചിക്കുന്നത്.
പൊലീസുകാര്‍ കൊല്ലം കമ്മീഷണര്‍ ഓഫീസിലേക്ക് കുട്ടിയെ കൊണ്ടുപോയി. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. നാടൊന്നാകെ കുട്ടിക്കായി തിരച്ചിൽ തുടങ്ങിയതാണ് കുട്ടിയെ ഉപേക്ഷിച്ച് രക്ഷപ്പെടാൻ പ്രതികളെ പ്രേരിപ്പിച്ചത്. സ്വന്തം മകളെന്ന പോലെ നാടൊന്നാകെ അബിഗേലിനായി തിരച്ചിൽ തുടങ്ങിയതാണ് ഈ തിരച്ചിൽ വിജയത്തിലേക്ക് എത്തിച്ചത്.
ഇന്നലെ വൈകുന്നേരം നാലരയോടെയാണ് ഓയൂര്‍ കാറ്റാടി ഓട്ടുമല റെജി ഭവനില്‍ റെജിയുടെ മകള്‍ അബിഗേല്‍ റെജിയെ തട്ടിക്കൊണ്ടുപോയത്. കുട്ടിയുടെ അമ്മ സിജിയുടെ ഫോണിലേക്ക് മോചനദ്രവ്യം ആവശ്യപ്പെട്ട് ഫോണ്‍ കോള്‍ എത്തിയെങ്കിലും കുട്ടി എവിടെയാണെന്ന് വിവരം ലഭിച്ചിരുന്നില്ല. അമ്മയുടെ ഫോണിലേക്കു വിളിച്ച് അഞ്ചുലക്ഷം രൂപയും പിന്നീട് 10 ലക്ഷം രൂപയുമാണു കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഘം ആവശ്യപ്പെട്ടത്.