FinanceNews

സ്വർണവില താഴേക്ക്; നിർണായക മാറ്റങ്ങൾ വരുന്നു

കഴിഞ്ഞയാഴ്ച സ്വർണവില സർവകാല റെക്കോർഡ് എന്ന നിലയിലെത്തിയിരുന്നു. ഒരു പവൻ സ്വർണത്തിന് 74000 രൂപയ്ക്ക് മുകളിലും 10 ഗ്രാമിന് ഒരു ലക്ഷം രൂപയുമാണ് അന്ന് രേഖപ്പെടുത്തിയത്. എന്നാൽ പിന്നീട് വില കുറയുന്ന കാഴ്ചയാണ് കാണുന്നത്. ഇന്ത്യൻ ബുള്ളിയൻ അസോസിയേഷന്റെ കണക്കുകൾ പ്രകാരം ആഗോള വിപണിയിൽ ഒരു ശതമാനവും 10 ഗ്രാമിന് 0.8 ശതമാനവും വില കുറഞ്ഞിട്ടുണ്ട്.

ഇന്ന് ഒരു പവൻ സ്വർണത്തിന് 71840 രൂപയാണ് വില. 10 ഗ്രാമിന് 96000 രൂപയിൽ താഴെയെത്തിയിരിക്കുന്നു. അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ചാഞ്ചാടുന്നുണ്ടെങ്കിലും നിലവിൽ വില കുറയുന്ന പ്രവണതയാണ് കാണിക്കുന്നത്. വരും ദിവസങ്ങളിൽ സ്വർണവില കുറയാൻ സാധ്യതയുണ്ടെന്ന് പറയുന്നതിന് പിന്നിലെ കാരണമെന്താണെന്ന് അറിയാമോ? വിപണിയിൽ സംഭവിക്കുന്ന സുപ്രധാന മാറ്റങ്ങളാണ് ഇതിന് കാരണം. സ്വർണം വാങ്ങാനും വിൽക്കാനും കാത്തിരിക്കുന്നവർ ഈ വിവരങ്ങൾ ശ്രദ്ധിക്കണം.

സ്വർണവില കുറഞ്ഞേക്കാൻ സാധ്യതയുണ്ടെന്ന് പറയുന്നതിനുള്ള പ്രധാന കാരണം അന്താരാഷ്ട്ര വിപണിയിലെ വ്യാപാര അന്തരീക്ഷത്തിൽ വന്ന മാറ്റമാണ്. അമേരിക്ക ചുമത്തിയ തീരുവയ്ക്ക് എതിരെ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ബദൽ നിർദ്ദേശങ്ങൾ മുന്നോട്ട് വെച്ചിട്ടുണ്ട്. ചർച്ചകളിലൂടെ ഒരു തീരുമാനത്തിലെത്തണം എന്ന ആവശ്യം പ്രധാന വ്യാപാര പങ്കാളികളിൽ നിന്ന് ഉയർന്നതായി യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസ്സന്റ് വ്യക്തമാക്കി.

ചൈനക്കെതിരായ തീരുവയിൽ ഇളവ് വരുത്താൻ അമേരിക്കയും ബദൽ തീരുവ കുറയ്ക്കാൻ ചൈനയും സൂചന നൽകിയിട്ടുണ്ട്. അതായത്, വ്യാപാര രംഗത്തെ പോര് കുറയാൻ സാധ്യത തെളിഞ്ഞിരിക്കുന്നു എന്ന് ചുരുക്കം. ട്രംപ് ഉയർന്ന തീരുവ മറ്റ് രാജ്യങ്ങൾക്കെതിരെ ചുമത്തുകയും ആശങ്ക വ്യാപകമാവുകയും ചെയ്ത സമയത്താണ് സ്വർണവില കുതിച്ചുയർന്നത്. മറ്റ് രംഗങ്ങളിലെ നിക്ഷേപം നഷ്ടത്തിന് കാരണമായേക്കുമെന്ന് ഭയന്ന നിക്ഷേപകർ കൂട്ടത്തോടെ സ്വർണം വാങ്ങിയതാണ് വില വർദ്ധിക്കാൻ കാരണം.