News

സി.പി.എമ്മിന് പുതിയ സംസ്ഥാന കമ്മിറ്റി ഓഫീസ്; എ.കെ.ജി സെന്റർ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: സി.പി.എം സംസ്ഥാന കമ്മിറ്റി ഓഫീസിനായി നിർമിച്ച എ.കെ.ജി സെന്റർ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്തു. നിലവിൽ സംസ്ഥാന കമ്മിറ്റി ഓഫീസ്‌ പ്രവർത്തിക്കുന്ന എ.കെ.ജി സ്‌മാരക പഠനഗവേഷണ കേന്ദ്രത്തിനു സമീപം ഡോ. എൻ എസ്‌ വാര്യർ റോഡിലാണ്‌ പുതിയ മന്ദിരം.

31 സെന്റിലാണ് പുതിയ എകെജി സെന്റർ പണിതത്. 9 നിലകളാണ് കെട്ടിടത്തിന് ഉള്ളത്. സംസ്ഥാനത്തെ സിപിഎമ്മിന്‍റെ മുഖമാണ് എകെജി സെന്‍റര്‍. അതിനാൽ പുതിയ കെട്ടിടം പണിതപ്പോഴും പേര് മാറ്റേണ്ടതില്ലെന്ന് നേതൃത്വം തീരുമാനിക്കുകയായിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഉദ്‌ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പാർട്ടി ജനറൽ സെക്രട്ടറി എം.എ ബേബി, കേന്ദ്ര-സംസ്ഥാന കമ്മിറ്റി അംഗങ്ങൾ, മുതിർന്ന നേതാക്കൾ, എൽ.ഡി.എഫ് നേതാക്കൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

സംസ്ഥാന കമ്മിറ്റി ഓഫീസ്, ഹാളുകൾ, സെക്രട്ടറിയേറ്റ് യോഗം ചേരാനുള്ള മുറി, സെക്രട്ടറിയേറ്റ്, പിബി അംഗങ്ങൾക്കുള്ള ഓഫീസ് സൗകര്യങ്ങൾ, താമസസൗകര്യം എന്നിവയാണ് പുതിയ കെട്ടിടത്തിൽ ഉള്ളത്. രണ്ടു ഭൂഗർഭ പാർക്കിംഗ് നിലകളും പുതിയ ആസ്ഥാനമന്ദിരത്തിൽ നിർമ്മിച്ചിട്ടുണ്ട്. പുതിയ കെട്ടിടത്തിൽ നാട മുറിക്കലും ശിലാഫലകം അനാച്ഛാദനവും നടത്തിയെങ്കിലും ഉദ്ഘാടന സമ്മേളനം പഴയ എകെജി സെന്‍ററിലെ ഹാളിലാണ്. പുതിയ ഓഫീസിലേക്ക് പ്രവർത്തനം പൂർണതോതിൽ മാറാൻ സമയമെടുക്കും എന്നാണ് നേതാക്കൾ പറയുന്നത്. പുതിയ ഓഫീസിലേക്ക് മാറുമ്പോള്‍ പഴയ ഓഫീസ് എകെജി പഠന ഗവേഷണ കേന്ദ്രമായി പ്രവർത്തിക്കും.

ശാസ്‌ത്ര സാങ്കേതികരംഗവും മാധ്യമലോകവും ഏറെ മാറിക്കഴിഞ്ഞ ഈ കാലത്ത്‌ ആ മേഖലയിൽകൂടി കൂടുതൽ ഇടപെട്ട്‌ മുന്നോട്ടുപോകാനുള്ള സാഹചര്യം സൃഷ്‌ടിക്കുന്നതിന്റെ ഭാഗമായാണ്‌ പുതിയ ഓഫീസിലേക്കുള്ള മാറ്റം. 2022 ഫെബ്രുവരി 26ന്‌ മുഖ്യമന്ത്രി പിണറായി വിജയനാണ്‌ നിർമാണപ്രവർത്തനം ഉദ്‌ഘാടനംചെയ്‌തത്‌. എല്ലാ പ്രതിസന്ധിഘട്ടങ്ങളിലും പാർടിക്കൊപ്പംനിൽക്കുകയും നെഞ്ചൊടുചേർക്കുകയുംചെയ്‌ത മലയാളികളുടെ അധ്വാനത്തിൽനിന്ന്‌ സമ്പാദിച്ച തുകകൾ ചേർത്തുകൊണ്ടാണ്‌ കെട്ടിടം നിർമാണം പൂർത്തിയാക്കിയത്‌.