രാഹുലിനെയും ഷാഫിയെയും ചോദ്യം ചെയ്യാൻ പോലീസ്; വ്യാജ തിരിച്ചറിയല്‍ കാർഡ് അന്വേഷണം സംസ്ഥാന നേതാക്കളിലേക്ക്

തിരുവനന്തപുരം: വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാംകൂട്ടത്തിലിനെയും മുന്‍ അധ്യക്ഷന്‍ ഷാഫി പറമ്പിലിനെയും പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യും. കേസുമായി ബന്ധപ്പെട്ട് രാഹുലിന്റെ മണ്ഡലത്തിലുള്ള നാല് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയാണ് ഇതുവരെ കസ്റ്റഡിയിലെടുത്തിട്ടുള്ളത്.

യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിനുവേണ്ടി വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ നിര്‍മ്മിച്ച് വ്യാപകമായി കള്ളവോട്ട് ചെയ്തുവെന്നാണ് പരാതി.

തിരുവനന്തപുരം ഡിസിപി നിധിന്‍ രാജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് നിലവില്‍ കേസ് അന്വേഷിക്കുന്നത്. കൂടുതല്‍ ജില്ലകളില്‍ പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയേക്കും.

കേസില്‍ മറ്റൊരു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ കൂടി കസ്റ്റഡിയിലെടുത്തു. പത്തനംതിട്ട സ്വദേശിയായ വികാസ് കൃഷ്ണനെയാണ് കസ്റ്റഡിയിലെടുത്തത്. ഇതോടെ നിലവില്‍ കസ്റ്റഡിയിലെടുത്ത യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ എണ്ണം നാലായി. ചൊവ്വാഴ്ച കസ്റ്റഡിയിലെടുത്ത നാല് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും.

കസ്റ്റഡിയിലായ അഭി വിക്രം, ബിനില്‍ ബിനു, ഫെന്നി നൈനാന്‍ എന്നിവര്‍ പത്തനംതിട്ട സ്വദേശികളാണ്. സംസ്ഥാന അധ്യക്ഷന്‍ രാഹുലുമായി അടുപ്പമുള്ളവരെയാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇവരുടെ ഫോണില്‍ നിന്നും വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നാണ് സൂചന.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments