
പിണറായി വിജയന് 15 കോടിയുടെ ഹോർഡിംഗ്‌സുകൾ; സർക്കാരിന്റെ നാലാം വാർഷിക ആഘോഷത്തിന് കോടികൾ ഒഴുക്കിത്തുടങ്ങി
രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ നാലാം വാർഷിക ആഘോഷത്തിന് കോടികൾ ചെലവിടാൻ സർക്കാർ ഉത്തരവ്. ആഘോഷ പരിപാടികളുടെ ഭാഗമായി സംസ്ഥാനമാകെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഹോർഡിങ്‌സുകൾ സ്ഥാപിക്കും. ഇതിനായി 15.63 കോടി രൂപ അനുവദിച്ചു. ഹോർഡിങ്‌സുകളുടെ ഡിസൈനിങിനുമാത്രം 10 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. പ്രചാരണത്തിന് 20 കോടി രൂപ അനുവദിച്ച് ഉത്തരവിറങ്ങി. ഈ തുക തികയാതെ വന്നാൽ അധിക ഫണ്ട് ധനവകുപ്പിൽ നിന്ന് അനുവദിക്കും.
എൽഇഡി ഡിജിറ്റൽ വാൾ/ഡിജിറ്റൽ ഡിസ്‌പ്ലേ ബോർഡ്, എൽഇഡി സ്‌ക്രീനിൽ ഉപയോഗിച്ച് വാഹന പ്രചാരണം എന്നിവക്ക് 3 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. കെ.എസ്.ആർ.ടി.സി ബസിലുള്ള പരസ്യങ്ങൾക്ക് ഒരുകോടി രൂപയും 35 ഹോർഡിങുകളുടെ മെയിന്റനൻസിന് 68 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. ഏപ്രില്‍, മെയ് മാസങ്ങളിലാണ് നാലാം വാർഷിക ആഘോഷ പരിപാടികൾ നടത്താൻ മന്ത്രിസഭാ യോഗം തീരുമാനിച്ചിരിക്കുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനതലം മുതൽ ജില്ലാ, സംസ്ഥാനതലംവരെ വിപുലമായ പരിപാടികൾ സംഘടിപ്പിക്കും. എല്ലാ ജില്ലകളിലും മുഖ്യമന്ത്രി പങ്കെടുക്കും

പിണറായി വിജയൻ്റെ നേതൃത്വത്തിൽ എൽ.ഡി.എഫ് ഭരണത്തിൻ്റെ ഒമ്പത് വർഷത്തെ നേട്ടങ്ങൾ ഉയർത്തിക്കാട്ടുന്ന രീതിയിലാണ് ആഘോഷങ്ങൾ വിഭാവനം ചെയ്തിരിക്കുന്നത്. വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പും 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പും കണക്കിലെടുക്കുമ്പോൾ, ഈ ആഘോഷങ്ങൾക്ക് രാഷ്ട്രീയ പ്രാധാന്യവുമുണ്ട്. മുൻപ്, സർക്കാരിൻ്റെ രണ്ടാം വാർഷികാഘോഷം ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ തുടക്കമായി കണക്കാക്കിയിരുന്നു.
“എൻ്റെ കേരളം” ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം 2025 ഏപ്രിൽ 21-ന് കാസർഗോഡ് വെച്ച് നടക്കും. കാസർഗോഡ് കാലിക്കടവ് മൈതാനത്ത് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ പ്രദർശന-വിപണന മേള ഉദ്ഘാടനം ചെയ്യും