
ശമ്പള പരിഷ്കരണ കമ്മീഷൻ: ഉചിതമായ സമയത്ത് എന്ന് കെ.എൻ ബാലഗോപാൽ; ഇനി എപ്പോൾ എന്ന് ജീവനക്കാരും പെൻഷൻകാരും
ശമ്പള പരിഷ്കരണ കമ്മീഷൻ സംബന്ധിച്ച നിയമസഭ ചോദ്യത്തിനും കൃത്യമായ ഉത്തരം നൽകാതെ ധനമന്ത്രി കെ.എൻ. ബാലഗോപാൽ.
1. 7. 24 മുതൽ ലഭിക്കേണ്ട പന്ത്രണ്ടാം ശമ്പള പരിഷകരണത്തിന് ഒമ്പത് മാസം കഴിഞ്ഞിട്ടും സർക്കാർ കമ്മീഷനെ പോലും നിയമിച്ചിട്ടില്ല. അഞ്ച് വർഷത്തിലൊരിക്കൽ ശമ്പള പരിഷ്കരണം എന്നത് അട്ടിമറിക്കാൻ വൻ നീക്കവും സർക്കാരിൽ നടക്കുന്നുണ്ട്. പത്ത് വർഷത്തിലൊരിക്കൽ ശമ്പള പരിഷ്കരണം മതി എന്ന നിലപാടുമായി ഐ എ എസ് ലോബി രംഗത്തുണ്ട്. കേന്ദ്രത്തിൽ 10 വർഷത്തിലൊരിക്കലാണ് ശമ്പള പരിഷ്കരണം എന്നാണ് ഇതിന് കാരണമായി ഇവർ ചൂണ്ടി കാണിക്കുന്നത്.
ശമ്പള പരിഷ്കരണ കമ്മീഷൻ നിയമനം വൈകുന്നതിൽ ജീവനക്കാരും പെൻഷൻകാരും ആശങ്കയിലാണ്. മാർച്ച് 25 ന് എൻ. ഷംസുദ്ദിൻ എം എൽ എ ഇത് സംബന്ധിച്ച് കൃത്യമായ ചോദ്യം നിയമസഭയിൽ ധനമന്ത്രിയോട് ഉന്നയിച്ചിരുന്നു.
ശമ്പള പരിഷ്കരണ കമ്മീഷനെ നിയമിക്കേണ്ട സമയം കഴിഞ്ഞിട്ടും നിയമിക്കാത്തത് എന്തുകൊണ്ട്, സർക്കാരിൻ്റെ സാമ്പത്തിക പ്രതിസന്ധി മൂലമാണോ ശമ്പള പരിഷ്കരണ കമ്മീഷനെ നിയമിക്കാൻ വൈകുന്നത്, ശമ്പള പരിഷ്കരണ കമ്മീഷനെ നിയമിച്ചാലും ഇതിനാവശ്യമായ പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കുന്നതിന് കാലതാമസം നേരിടും എന്നിരിക്കെ പുതുക്കിയ ശമ്പളം യഥാസമയം ജീവനക്കാർക്ക് ലഭ്യമാകുമോ എന്ന് വ്യക്തമാക്കാമോ ഇതൊക്കെയായിരുന്നു ഷംസുദ്ദിൻ എം എൽ എയുടെ ചോദ്യങ്ങൾ.
ശമ്പള പരിഷ്കരണം സർക്കാരിൻ്റെ നയപരമായ തീരുമാനമായതിനാൽ ഉചിതമായ സമയത്ത് ആവശ്യമായ നടപടികൾ സ്വീകരിക്കുകയാണ് പതിവായി ചെയ്തു വരുന്നത്. തുടർന്നും സർക്കാർ കൂടിയാലോചനകളിലൂടെ ഉചിതമായ സമയത്ത് ഇതു സംബന്ധിച്ച് തീരുമാനമെടുക്കുന്നതാണെന്നാണ് കെ.എൻ. ബാലഗോപാലിൻ്റെ മറുപടി.
1. 7. 19 മുതൽ ലഭിക്കേണ്ട പതിനൊന്നാം ശമ്പള പരിഷ്കരണത്തിന് നാല് മാസം കഴിഞ്ഞപ്പോൾ തോമസ് ഐസക്ക് കമ്മീഷനെ നിയമിച്ച് 2021 ഫെബ്രുവരിയിൽ ശമ്പള പരിഷ്കരണവും നടത്തിയിരുന്നു. 2024 ജൂലൈ മുതൽ ലഭിക്കേണ്ട ശമ്പള പരിഷ്കരണത്തിന് ഒമ്പത് മാസം കഴിഞ്ഞിട്ടും കമ്മീഷനെ വയ്ക്കാൻ ബാലഗോപാൽ തയ്യാറായിട്ടും ഇല്ല.
ഉചിതമായ സമയം നോക്കി നടക്കുകയാണ് എന്നാണ് ബാലഗോപാലിൻ്റെ നിയമസഭ മറുപടി. കാലാവധി കഴിയാൻ ഒരു വർഷം മാത്രമാണ് സർക്കാരിന് മുന്നിൽ ഉള്ളത്. അതിൽ തന്നെ നാല് മാസത്തോളം പെരുമാറ്റ ചട്ടത്തിൽ പോകും. 3 തെരഞ്ഞെടുപ്പുകൾ ഇക്കാലയളവിൽ സർക്കാരിന് മുന്നിൽ ഉണ്ട്. നിലമ്പൂർ, തദ്ദേശം, നിയമസഭ തെരഞ്ഞെടുപ്പുകൾ ഇക്കാലയളവിൽ ഉണ്ട്. ഇതെല്ലാം ബാലഗോപാലിനും അറിയാം. എന്നിട്ടും ഉചിതമായ സമയം നോക്കി നടക്കുകയാണ് ബാലഗോപാൽ. ഇനി എപ്പോഴാണ് ഉചിതമായ സമയം എന്നാണ് ജീവനക്കാരും പെൻഷൻകാരും ചോദിക്കുന്നത്.