
ലൈഫ് മിഷന് 4 ലക്ഷം; സെക്രട്ടറിയേറ്റിലെ ഒരു മുറി നവീകരിക്കാൻ 10.10 ലക്ഷം
ഒരു മുറിയുടെ മെയിന്റനൻസ് ചെയ്യാൻ 10.10 ലക്ഷം രൂപ ചെലവ്. ലൈഫ് മിഷൻ വീട് നിർമ്മിക്കാൻ 4 ലക്ഷം രൂപ കൊടുക്കുമ്പോഴാണ് സെക്രട്ടറിയേറ്റിലെ ഒരു മുറി മെയിന്റനൻസ് ചെയ്യാൻ 10.10 ലക്ഷം രൂപ ചെലവഴിക്കുന്നത്. സെക്രട്ടറിയേറ്റ് മെയിൻ ബിൽഡിംഗിലെ റൂ നമ്പർ 377 – ന്റെ മെയിന്റനൻസ് ചെയ്യാനുള്ള ചെലവിനായി 10.10 ലക്ഷം രൂപയുടെ അധിക ഫണ്ടാണ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അനുവദിച്ചത്.
ധനകാര്യ റിസോഴ്സ് സെക്രട്ടറി അജിത് പാട്ടിൽ ഐ എ എസിൻ്റെ റൂം ആണ് 10.10 ലക്ഷം രൂപക്ക് മെയിൻ്റനൻസ് ചെയ്യുന്നത്.പുതിയ വരുമാന മാർഗം കണ്ട് പിടിക്കുകയും നിലവിലുള്ള വരുമാനം ഉയർത്തുകയും ചെയ്യേണ്ട ചുമതലയാണ് ധനകാര്യ റിസോഴ്സ് സെക്രട്ടറിക്കുള്ളത്.സാമ്പത്തിക പ്രതിസന്ധികാലത്ത് ഖജനാവിലേക്കുള്ള വരുമാനം ഉയർത്തേണ്ട ധനകാര്യ സെക്രട്ടറിയാണ് ഖജനാവിൽ നിന്ന് 10.10 ലക്ഷം മുടക്കി സ്വന്തം മുറി മെയിൻ്റനൻസ് ചെയ്യുന്നത് എന്നതാണ് വിരോധഭാസം.
ഈ മാസം 8 നാണ് 10.10 ലക്ഷം അധിക ഫണ്ട് അനുവദിച്ച് ധനവകുപ്പിൽ നിന്ന് ഉത്തരവിറങ്ങിയത്. 232 രൂപ ദിവസ വേതനത്തിൽ ജോലി ചെയ്യുന്ന ആശ വർക്കർമാരുടെ ഓണറേറിയം ഒരു രൂപ പോലും വർദ്ധിപ്പിക്കാത്തതിന് സാമ്പത്തിക പ്രതിസന്ധിയാണ് കാരണമായി ബാലഗോപാൽ പറയുന്നത്. വേണ്ടപ്പെട്ടവർക്ക് ലക്ഷങ്ങൾ കൊടുക്കാൻ ഒരു മടിയും ബാലഗോപാലിന് ഇല്ല.

9 ലക്ഷം പേർ ലൈഫ് മിഷൻ വീടിന് വേണ്ടി ക്യൂ നിൽക്കുകയാണ്. സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ ലൈഫ് മിഷനും ഏറെ കുറെ നിശ്ചലമാണ്. അപ്പോഴാണ് സ്വന്തം സെക്രട്ടറിക്ക് 2 ലൈഫ് മിഷൻ വീട് നിർമ്മിക്കുന്നതിനേക്കാൾ കൂടുതൽ തുക ഒരു മുറിയുടെ മെയിൻ്റൻസിനായി നൽകുന്നത്. ഈ മുറിയിൽ എന്ത് മെയിന്റനൻസ് ആണ് നടക്കുന്നത് എന്നറിയാനുള്ള ആകാംക്ഷയിലാണ് സെക്രട്ടറിയേറ്റ് ജീവനക്കാർ.