CrimeNews

കൊടുംക്രൂരത ചെയ്ത മകനെ കാണാന്‍ താല്‍പര്യമില്ലെന്ന് അഫാന്റെ മാതാവ് ഷെമി

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാന്റെ ഉമ്മ ഷെമി സംഭവദിവസം നടന്ന കാര്യങ്ങള്‍ ഓര്‍മയില്ലെന്ന് മാധ്യമങ്ങളോട്. രാവിലെ ഇളയ മകനെ സ്‌കൂളില്‍ വിട്ട ശേഷം ഞാന്‍ തിരിച്ചുവന്ന് സോഫയില്‍ ഇരുന്നിരുന്നു. അപ്പോഴാണ് അഫാന്‍ ഉമ്മ ക്ഷമിക്കണം എന്നു പറഞ്ഞു ഷാള്‍കൊണ്ട് എന്റെ കഴുത്ത് മുറുക്കിയത്. ഫര്‍സാനയെ വിളിച്ചുകൊണ്ടുവരാമെന്നു പറഞ്ഞു പോവുകയും ചെയ്തു. പിന്നീട് പൊലിസ് ജനല്‍ ചവിട്ടിപ്പൊളിക്കുമ്പോഴായിരുന്നു തനിക്ക് ബോധം വന്നതെന്നും അഫാന്റെ ഉമ്മ. പരിക്കുകള്‍പറ്റി ആശുപത്രിയിലായിരുന്ന ഉമ്മ മാസങ്ങള്‍ക്കു ശേഷമാണ് മാധ്യമങ്ങളെ കാണുന്നത്.

ഇത്രയും ക്രൂരത കാണിച്ച തന്റെ മകനെ കാണാന്‍ താല്‍പര്യമില്ലെന്നും പറഞ്ഞു. ഓണ്‍ലൈന്‍ ആപ്പുകളില്‍ നിന്നു വരെ മകന്‍ വായ്പ എടുത്തിരുന്നു. 25 ലക്ഷം രൂപയ്ക്കു മുകളില്‍ ബാധ്യതയുണ്ട്. പണം ആവശ്യപ്പെട്ട് കടക്കാര്‍ നിരന്തരം വിളിച്ചിരുന്നു. അന്നുംവിളിച്ചിരുന്നു. തലേദിവസം 50,000 രൂപ ആവശ്യപ്പെട്ട് അഫാനുമൊത്ത് ബന്ധുവീട്ടില്‍ പോയിരുന്നു. എന്നാല്‍ പണം കിട്ടിയില്ല. കടം വാങ്ങിയതെല്ലാം ഭര്‍ത്താവിനെ അറിയിച്ചിരുന്നുവെന്നും ഇവര്‍ പറഞ്ഞു.

മകനെ കാണാന്‍ തനിക്കും താല്‍പര്യമില്ലെന്ന് പിതാവ് റഹീമും പറഞ്ഞു. ഇത്രയും ക്രൂരത കാണിച്ച അവനോട് പൊറുക്കാന്‍ കഴിയില്ലെന്നും പിതാവ്. ഫര്‍സാനയുടെ കുടുംബത്തെ കാണാന്‍ ആഗ്രഹിച്ചിരുന്നുവെന്നും എന്നാല്‍ അവര്‍ക്ക് താല്‍പര്യമില്ലെന്നാണ് ഫര്‍സാനയുടെ കുടുംബം അറിയിച്ചതെന്നും പിതാവ് പറഞ്ഞു. ഇത്രയും ബാധ്യത കുടുംബത്തിനുള്ളത് തനിക്കറിയില്ലായിരുന്നു. ആരും സഹായിക്കാനില്ലെന്നും ചികിത്സയ്ക്ക് പണമില്ലാതെ ബുദ്ദിമുട്ടുകയുമാണെന്ന് അദ്ദേഹം പറഞ്ഞു.