CrimeNews

വിദ്യാർത്ഥിയുടെ പിതാവിനെ ഹണിട്രാപ്പിൽ പെടുത്തി സ്‌കൂൾ ടീച്ചർ; മൂന്നുപേർ അറസ്റ്റിൽ

ബെംഗളൂരു: അഞ്ചുവയസ്സുകാരിയുടെ പിതാവിൽ നിന്ന് പണം തട്ടിയതിന് ബെംഗളൂരുവിലെ പ്രീസ്‌കൂൾ അധ്യാപിക ശ്രീദേവി രുദാഗിയെയും കൂട്ടാളികളായ ഗണേഷ് കാലെ, സാഗർ എന്നിവരെയും സെൻട്രൽ ക്രൈംബ്രാഞ്ച് (സിസിബി) അറസ്റ്റ് ചെയ്തു. പണം നൽകിയില്ലെങ്കിൽ സ്വകാര്യ വീഡിയോകളും ഫോട്ടോകളും പുറത്തുവിടുമെന്ന് മൂവരും ഭീഷണിപ്പെടുത്തിയതായാണ് പരാതി.

2023-ൽ കലാസിപാൾയയിലെ ബിസിനസുകാരനായ രാഹുൽ തന്റെ മകളെ റുദാഗിയുടെ പ്രീ സ്‌കൂളിൽ ചേർത്തിരുന്നു. പിന്നീട് റുദാഗിയും ഇയാളും തമ്മിൽ സൗഹൃദം രൂപപ്പെടുകയായിരുന്നു. രുദാഗിയുമായി രഹസ്യ സംഭാഷണത്തിന് രാഹുൽ പ്രത്യേക സിം കാർഡും ഫോണും വാങ്ങുകയും ചെയ്തു. പിന്നീട് ഇതിന്റെ പേരിൽ ഇയാളിൽ നിന്ന് 4 ലക്ഷം രൂപ തട്ടിയെടുത്തു.

അധ്യാപിക ശ്രീദേവി രുദാഗി
അധ്യാപിക ശ്രീദേവി രുദാഗി

2024 ജനുവരിയിൽ, അധ്യാപിക 15 ലക്ഷം രൂപ ആവശ്യപ്പെടുകയും ഒരുമിച്ച് താമസിക്കാൻ നിർബന്ധിക്കുകയും ചെയ്യുകയായിരുന്നു. രാഹുലിന്റെ കുടുംബം വീട്ടിലില്ലാതിരുന്ന സമയത്ത് രുദാഗി അയാളുടെ വീട് സന്ദർശിക്കുകയും 50,000 രൂപ കൂടി വാങ്ങുകയും ചെയ്തു. എന്നാൽ, ഇയാൾ ബെംഗളൂരുവിട്ട് ഗുജറാത്തിലേക്ക് മാറാൻ ആലോചിച്ചതോടെയാണ് രുദാഗിയുടെ ബ്ലാക്ക് മെയിലിംഗ് ശക്തമായത്.

2024 മാർച്ചിൽ, മകളുടെ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് വാങ്ങാൻ രാഹുൽ പ്രീസ്‌കൂൾ സന്ദർശിച്ചപ്പോൾ, ഗണേഷും സാഗറും കൈയേറ്റം ചെയ്യുകയും 20 ലക്ഷം രൂപ നൽകിയില്ലെങ്കിൽ സ്വകാര്യ വീഡിയോകളും ഫോട്ടോകളും പുറത്തുവിടുമെന്ന് രുദാഗിക്കൊപ്പം ഇരുവരും ഭീഷണിപ്പെടുത്തുകയുമായിരുന്നു. രാഹുൽ ആദ്യം 1.9 ലക്ഷം രൂപ നൽകി. എന്നാൽ ഭീഷണികൾ തുടർന്നു, മാർച്ച് 17 ന്, ബാക്കിയുള്ള തുക ആവശ്യപ്പെട്ട്, മുൻ അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസ് (എസിപി) 5 ലക്ഷം രൂപ, സാഗറിനും ഗണേഷിനും ഒരു ലക്ഷം രൂപ വീതവും തനിക്ക് 8 ലക്ഷം രൂപയും ആയി രുദാഗി ആവശ്യപ്പെട്ടു.

ഈ ഘട്ടത്തിൽ, പണം തട്ടിയെടുക്കുന്നത് സഹിക്കാൻ കഴിയാതെ ഇയാൾ സഹായത്തിനായി പോലീസിനെ സമീപിക്കുകയായിരുന്നു. പോലീസ് രുദാഗി, ഗണേഷ്, സാഗർ എന്നിവരെ അറസ്റ്റ് ചെയ്തു. മല്ലേശ്വരം സബ് ഡിവിഷനിലെ മുൻ എസിപിയുമായി ബന്ധമുണ്ടെന്ന് രുദാഗി തെറ്റായി അവകാശപ്പെട്ടതായും രാഹുലിനെ ഭീഷണിപ്പെടുത്താൻ ശ്രമിച്ചതായും അന്വേഷണത്തിൽ വ്യക്തമായി. അതേസമയം, കേസിൽ എസിപിക്ക് പങ്കില്ലെന്ന് പൊലീസ് വ്യക്തമാക്കി. മൂന്ന് പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു, അന്വേഷണം തുടരുകയാണ്.