CrimeNews

പൂർണ ഗർഭിണിയായ യുവതി ഭർതൃവീട്ടിൽ തൂങ്ങി മരിച്ചു

കോട്ടയം: ഒമ്പത് ഗർഭിണിയായ യുവതിയെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കടുത്തുരുത്തി മാഞ്ഞൂർ കണ്ടാറ്റുപാടം മുതുകാട്ടുപറമ്പിൽ അഖിൽ മാനുവലിന്റെ ഭാര്യ അമിത സണ്ണിയാണ് ജീവനൊടുക്കിയത്. കിടപ്പുമുറിയിലെ ഫാനിലാണ് അമിതയെ തൂങ്ങിയ നിലയിൽ കണ്ടത്. ഞായറാഴ്ച്ചയാണ് സംഭവം. ഈ സമയം ഭർത്താവ് അഖിൽ വീട്ടിലുണ്ടായിരുന്നില്ല. പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തിട്ടുണ്ട്.

ഭർത്താവ് അഖിൽ മദ്യപാനി ആയിരുന്നുവെന്നും വീട്ടിൽ എന്നും പ്രശ്‌നങ്ങൾ പതിവായിരുന്നുവെന്നും യുവതിയുടെ പിതാവ് ആരോപിക്കുന്നു. കടപ്ലാമറ്റത്തെ സ്വന്തം വീട്ടിലുള്ള അമ്മ എൽസമ്മയെ ഫോണിൽ വിളിച്ച്, താൻ ജീവനൊടുക്കുകയാണെന്നും കുട്ടികളെ സംരക്ഷിക്കണമെന്നും പറഞ്ഞതിനു ശേഷമാണ് അമിത ജീവനൊടുക്കിയതെന്നു പൊലീസ് പറഞ്ഞു. തുടർന്ന് എൽസമ്മ അഖിലിനെ ഫോണിൽ വിളിച്ചു. അഖിൽ വീട്ടിലെത്തിയപ്പോൾ മുറി അകത്തുനിന്നു പൂട്ടിയ നിലയിലായിരുന്നു. വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തുകടന്ന് ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. നാലര വർഷം മുൻപായിരുന്നു വിവാഹം. 2 മക്കളുണ്ട്.

സൗദിയിൽ നഴ്‌സായി ജോലി ചെയ്തിരുന്ന അമിത ഒരു വർഷം മുൻപാണു നാട്ടിലെത്തിയത്. ഞായറാഴ്ച രാവിലെ മുതൽ അഖിലും അമിതയും വഴക്കുണ്ടാക്കിയിരുന്നെന്നും രാത്രി അഖിൽ പുറത്തുപോയതിനു പിന്നാലെയാണു മകൾ ജീവനൊടുക്കിയതെന്നും മകളുടെ മരണത്തിൽ സംശയമുണ്ടെന്നും അമിതയുടെ മാതാപിതാക്കളായ സണ്ണിയും എൽസമ്മയും പറഞ്ഞു.