Kerala Government News

സംസ്ഥാനത്തെ ഐ എ എസ്, ജുഡിഷ്യൽ ഓഫിസർമാരുടെ ക്ഷാമബത്ത വർദ്ധിപ്പിക്കും; കുടിശിക പണമായി നൽകും

ക്ഷാമബത്ത 2 ശതമാനം വർദ്ധിപ്പിച്ചതോടെ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് 3 മാസത്തെ ക്ഷാമബത്ത കുടിശിക ലഭിക്കും. 2025 ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിലെ കുടിശികയാണ് ലഭിക്കുക.

2025 ജനുവരി പ്രാബല്യത്തിലെ ക്ഷാമബത്തയാണ് കേന്ദ്രം ഏപ്രിലിൽ കൊടുക്കുമെന്ന് പ്രഖ്യാപിച്ചത്. കഴിഞ്ഞ 7 വർഷത്തിനിടയിലെ ഏറ്റവും കുറവ് ക്ഷാമബത്തയാണ് കേന്ദ്രം ഇത്തവണ പ്രഖ്യാപിച്ച 2 ശതമാനം. സാധാരണ ഗതിയിൽ 3 ശതമാനം അല്ലെങ്കിൽ 4 ശതമാനം ക്ഷാമബത്ത യാണ് പ്രഖ്യാപിക്കുക. 2 ശതമാനം ക്ഷാമബത്ത പ്രഖ്യാപിച്ചതോടെ കേന്ദ്ര ക്ഷാമബത്ത 53 ശതമാനത്തിൽ നിന്ന് 55 ശതമാനമായി ഉയർന്നു.

എട്ടാമത് ശമ്പള പരിഷ്കരണ കമ്മീഷനേയും കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ട്. 2026 ജനുവരിയോടെ ശമ്പള പരിഷ്കരണ കമ്മീഷൻ റിപ്പോർട്ട് നൽകും. ഇതോടെ കേന്ദ്ര ജീവനക്കാരുടെ ശമ്പളം ഇരട്ടിയാകും എന്നാണ് റിപ്പോർട്ട്.

കേന്ദ്രത്തിൽ 2 ശതമാനം ക്ഷാമബത്ത ഉയർത്തിയതോടെ സംസ്ഥാനത്തെ ഐ എ എസ്, ഐ പി എസ്, ഐ എഫ് എസ് , ജുഡിഷ്യൽ ഓഫിസർമാർ എന്നിവരുടെ ക്ഷാമബത്ത ഈ മാസം കെ.എൻ. ബാലഗോപാൽ വർദ്ധിപ്പിക്കും. ഇത് സംബന്ധിച്ച ഉത്തരവ് ഈ മാസം ഇറങ്ങും. കുടിശിക പണമായി ഇവർക്ക് നൽകും. അതേ സമയം സംസ്ഥാന സർക്കാർ ജീവനക്കാർക്ക് പ്രഖ്യാപിക്കുന്ന ക്ഷാമബത്തക്ക് കുടിശിക ബാലഗോപാൽ അനുവദിക്കാറും ഇല്ല.