
കണ്ണൂര്‍: പാപ്പിനിശ്ശേരിയില്‍ നാല് മാസം പ്രായമുള്ള കുഞ്ഞിനെ കിണറ്റിലിട്ട് കൊന്ന സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി പോലീസ്. കുടുംബത്തില്‍ നിന്ന് തനിക്ക് ലഭിക്കുന്ന സ്നേഹം കുറയുമെന്ന ഭയത്താലാണ് ബന്ധുവായ 12-കാരി കുഞ്ഞിനെ കൊന്നതെന്ന് വളപട്ടണം പോലീസ് സ്റ്റേഷന് ഹൗസ് ഓഫീസര്‍ (എസ്എച്ച്ഒ) കാര്‍ത്തിക് പറഞ്ഞു. ബന്ധുവായ 12-കാരിയെ സംശയമുള്ളതായി മരിച്ച കുഞ്ഞിന്റെ മാതാപിതാക്കള്‍ പോലീസിനോട് പറഞ്ഞിരുന്നുവെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
സംഭവത്തിൽ പന്ത്രണ്ടുകാരിയിലേക്ക് പൊലീസ് എത്തിയത് രക്ഷിതാക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ. മരിച്ച കുട്ടിയുടെ പിതാവിനും മാതാവിനും ഉണ്ടായ ചില സംശയങ്ങളാണ് അന്വേഷണം വഴിതിരിച്ചുവിട്ടത്. രാത്രി ഉറങ്ങുന്നതിനു മുൻപ് വാതിൽ അകത്ത് നിന്നും പൂട്ടിയിരുന്നു. പുറത്തുനിന്ന് ആർക്കും അകത്തേക്ക് കയറാനാകില്ലെന്നും മുത്തുവും ഭാര്യയും ഉറപ്പിച്ചു പറഞ്ഞു. ഇതോടെയാണ് അതുവരെ പൊലീസിനു യാതൊരു സംശയവും തോന്നാതിരുന്ന പെൺകുട്ടിയിലേക്ക് അന്വേഷണം വിരൽചൂണ്ടിയത്.
പൊലീസിന്റെ ചോദ്യം ചെയ്യലിൽ പിടിച്ചുനിൽക്കാൻ പെൺകുട്ടിക്ക് സാധിച്ചില്ല. ഇന്നലെ രാത്രി 11 മണിയോടെയാണ് 4 മാസം പ്രായമുള്ള കുഞ്ഞ് കിണറ്റിൽ കിടക്കുന്നു എന്ന വിവരം കിട്ടിയതെന്ന് എസ്എച്ച്ഒ കാർത്തിക് പറഞ്ഞു. പിന്നാലെ അന്വേഷണ സംഘത്തെ സംഭവം നടന്ന വീട്ടിലേക്ക് അയച്ചു. പ്രാഥമിക അന്വേഷണം അപ്പോൾ തന്നെ ആരംഭിച്ചിരുന്നു. അന്വേഷണത്തിനൊടുവിൽ നടന്നത് കൊലപാതകമാണെന്ന് മനസിലായി. ഏഴാം ക്ലാസിലാണ് പ്രതിയായ കുട്ടി പഠിക്കുന്നത്.
തമിഴ്നാട് സ്വദേശികളായ ദമ്പതിമാര്‍ക്ക് ദീര്‍ഘകാലത്തെ കാത്തിരിപ്പിന് ശേഷം പിറന്ന കുഞ്ഞാണ് മരിച്ചത്. പിതാവ് മരിച്ചതിന് ശേഷം ഈ ദമ്പതിമാര്‍ക്കൊപ്പമാണ് ബന്ധുവായ 12-കാരിയായ പെണ്‍കുട്ടി ഒന്നരവര്‍ഷമായി താമസിച്ചിരുന്നത്. ഇക്കാലയളവില്‍ തനിക്ക് ലഭിച്ചിരുന്ന സ്നേഹം കഴിഞ്ഞ നാല് മാസമായി പുതിയ കുഞ്ഞിനാണ് കിട്ടുന്നത് എന്നതാണ് കുട്ടിയെ ഇത്തരമൊരു ദാരുണമായ കൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് പോലീസ് പറയുന്നു.