CrimeNews

തേജസിന് പ്രണയപ്പക; ആക്രമിച്ചത് കുടുംബത്തെ ഒന്നാകെ ഇല്ലാതാക്കാൻ; കൊല്ലത്തെ കൊലപാതകത്തിൽ FIR

കൊല്ലം: ഉളിയക്കോവിലിൽ വിദ്യാർത്ഥിയെ വീട്ടിൽ കയറി കുത്തിക്കൊന്നതിന് കാരണം പ്രതിയുടെ പ്രണയനൈരാശ്യപ്പകയെന്ന് എഫ്.ഐ.ആർ. കൊലപാതകത്തിന് ശേഷം ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കിയ തേജസും കൊല്ലപ്പെട്ട ഫെബിന്റെ സഹോദരി ഫ്‌ലോറിയും പ്രണയത്തിലായിരുന്നു. യുവതിക്ക് മറ്റൊരു വിവാഹം നിശ്ചയിച്ചതാണ് വിരോധത്തിന് കാരണം. യുവതിയെയും ഫെബിനെയും മാതാപിതാക്കളെയും കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാമ് തേജസ് എത്തിയത്.

വീട്ടിലെ കോളിംഗ് ബെല്ലടിച്ചപ്പോൾ ഫെബിന്റെ പിതാവ് ജോർജ് ഗോമസാണ് വാതിൽ തുറന്നത്. പർദ്ദയായിരുന്നു തേജസിന്റെ വേഷം. ഈ സമയം വീട്ടിനുള്ളിൽ പേരയ്ക്ക മുറിക്കുകയായിരുന്നു ജോർജ്. ഈ കത്തി അദ്ദേഹത്തിന്റെ കയ്യിലുണ്ടായിരുന്നു. ഇതെടുത്താണ് തേജസ് ജോർജിനെ കുത്തിയതെന്നാണ് പ്രാഥമിക നിഗമനം. ജോർജിൻറെ നിലവിളി കേട്ട് ഓടിയെത്തിയ ഫെബിനെയും തേജസ് കുത്തി വീഴ്ത്തി.

കുത്തേറ്റ് പ്രാണരക്ഷാർഥം ഫെബിൻ പുറത്തേക്ക് ഓടി. നെഞ്ചിലും കഴുത്തിലും ആഴത്തിൽ മുറിവേറ്റ ഫെബിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നാട്ടുകാരെ വിളിക്കാൻ പുറത്തേക്ക് ഓടിയെങ്കിലും ആരും ഇടപെട്ടില്ല എന്നാണ് ഫെമിന്റെ അമ്മ ഡെയ്‌സി പറയുന്നത്. എന്നാൽ വീടിനുള്ളിൽ നിന്ന് നിലവിളി ശബ്ദം കേട്ടാണ് ഓടിയെത്തിയതെന്നും ശരീരമാകെ രക്തം ആയിരുന്നുവെന്നും അയൽവാസി രാമചന്ദ്രൻ നായർ പ്രതികരിച്ചു.

കൊല്ലം ഫാത്തിമമാതാ കോളജ് വിദ്യാർഥിയാണ് കൊല്ലപ്പെട്ട ഫെബിൻ ജോർജ് ഗോമസ്. ഫെമിൻറെ പിതാവ് ജോർജ് ഗോമസ് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലാണ്. തേജസ് പെട്രോളുമായി വീട്ടിലെത്തിയത് ഫ്‌ലോറിയയെ ലക്ഷ്യമിട്ടാണെന്ന് കരുതുന്നു. വീട്ടിനുള്ളിൽ പെട്രോൾ ഒഴിച്ചെങ്കിലും കത്തിച്ചില്ല. ഇത് ഫ്‌ലോറിയ വീട്ടിൽ ഇല്ലാത്തതിനാലാകാം എന്നാണ് പൊലീസ് കരുതുന്നത്.

തേജസിനു ക്രിമിനൽ പശ്ചാത്തലമില്ലെന്നും അയൽവാസികളുമായി നല്ല ബന്ധത്തിലായിരുന്നെന്നും നാട്ടുകാർ അഭിപ്രായപ്പെട്ടു. തേജസും ഫെബിന്റെ സഹോദരിയും തമ്മിൽ വിവാഹം ഉറപ്പിച്ചിരുന്നു. പിന്നീട് ഇതിൽനിന്നു പിന്മാറിയതാണു തേജസിനു വൈരാഗ്യമുണ്ടാകാൻ കാരണമെന്നു പൊലീസ് വ്യക്തമാക്കി. മറ്റൊരു വിവാഹം ഉറപ്പിച്ചതോടെ യുവതിയെയും മാതാപിതാക്കളെയും കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയാണു തേജസ് എത്തിയതെന്നും പൊലീസ് പറഞ്ഞു.