
കണ്ണൂരിൽ എട്ട് മാസം പ്രായമായ കുഞ്ഞിന് മെഡിക്കൽ ഷോപ്പിലെ ജീവനക്കാർ നൽകിയത് മൂന്ന് മടങ്ങ് ഡോസ് കൂടിയ മരുന്ന്. മരുന്ന് മാറിക്കഴിച്ച് ഗുരുതരാവസ്ഥയിലായ കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ കരളിനെ മരുന്ന് ബാധിച്ചെന്നും ഗുരുതരമായി തുടർന്നാല്‍ കരള്‍ മാറ്റിവേക്കേണ്ടി വരുമെന്നും ഡോക്ടർമാർ സൂചിപ്പിച്ചു.
ഡോക്ടർ കൃത്യമായി മരുന്ന് എഴുതിയിട്ടും ഡോസ് കൂടിയ മരുന്ന് എടുത്ത് നൽകിയത് ഫാർമസിസ്റ്റുകളെന്നാണ് ആരോപണം. കണ്ണൂരിലെ ഖദീജ മെഡിക്കൽസിന് എതിരെയാണ് ആരോപണം.
കഴിഞ്ഞ ശനിയാഴ്ചയാണ് പനി ബാധിച്ച കുട്ടിയേയും കൊണ്ട് വീട്ടുകാർ പഴയങ്ങാടിയിലെ ക്ലിനിക്കിലെത്തിയത്. ഡോക്ടർ കാൽപോൾ സിറപ്പ് കുറിച്ച് നൽകി. എന്നാൽ കുറിപ്പടിയുമായെത്തിയ വീട്ടുകാർക്ക് ഖദീജ മെഡിക്കൽ സ്റ്റോറിലെ ഫാർമസിസ്റ്റുകൾ എടുത്ത് നൽകിയത് കാൽപോൾ ഡ്രോപ് ആണ്.
മാറിയതറിയാതെ മൂന്ന് നേരം വീട്ടുകാർ കുട്ടിയ്ക്ക് മരുന്ന് കൊടുത്തു. പനി അതിവേഗം മാറിയെങ്കിലും കുട്ടിയ്ക്ക് മറ്റ് ബുദ്ധിമുട്ടുകൾ തോന്നിയതോടെ വീട്ടുകാർ വീണ്ടും ക്ലിനിക്കിലെത്തി.
മരുന്ന് മാറിയത് അറിഞ്ഞ ഡോക്ടർ ഉടൻ തന്നെ കുട്ടിയ്ക്ക് ലിവർ ഫങ്ഷൻ ടെസ്റ്റ് നിർദേശിച്ചു. അതിന്റെ ഫലങ്ങൾ പലതും ഉയർന്ന നിരക്കിലായിരുന്നു. ഉടൻ കുട്ടിയെ കണ്ണൂരിലെ ആസ്റ്റർമിംമ്സിലേക്ക് മാറ്റണമെന്നും വൈകിയാൽ തലച്ചോറിന്റെ പ്രവർത്തനം വരെ തകരാറിലാകുമെന്നും ഡോക്ടർ നിർദേശിച്ചു.
തുടർന്ന് കുട്ടിയെ ആസ്റ്റർമിംമ്സിലെ ഐസിയുവിലേക്ക് മാറ്റുകയായിരുന്നു. ഇന്ന് അവസാനം വന്ന ഫലത്തിൽ കുട്ടിയുടെ നില കുറച്ചുകൂടി മെച്ചപ്പെട്ടത് ആശ്വാസമാകുന്നുണ്ട്.