
കാസർകോട് പൈവളിഗയിൽ 42 വയസ്സുകാരനായ യുവാവിനെ 15 വയസ്സുള്ള പെൺകുട്ടിക്കൊപ്പം തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പെൺകുട്ടിയെയും അയൽവാസിയായ പ്രദീപിനെയും കാണാതായിട്ട് 26 ദിവസത്തിന് ശേഷമാണ് മരിച്ച നിലയിൽ കണ്ടെത്തുന്നത്.
ഇരുവരുടെയും വീടിന് സമീപമുള്ള പൈവളിഗ മണ്ടെക്കാപ്പ് ഗ്രൗണ്ടിന് സമീപത്തെ തോട്ടത്തിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഫോണുകളും ഒരു കത്തിയും ചോക്ലേറ്റും മൃതദേഹത്തിനടുത്ത് നിന്നായി കണ്ടെത്തിയിട്ടുണ്ട്. കാണാതാകുമ്പോൾ ധരിച്ചിരുന്ന വസ്ത്രം തന്നെയാണ് മൃതദേഹത്തിലുമുള്ളത്. ഇരുവരെയും കാണാനില്ലെന്ന പരാതി പോലീസ് സ്‌റ്റേഷനിൽ നൽകിയിരുന്നു.
ആദ്യം മന്ദഗതിയിലായിരുന്ന അന്വേഷണം പിന്നീട് വാർത്തയായതോടെയാണ് വലിയൊരു സംഘം പോലീസ് തിരച്ചിലിന് ഇറങ്ങിയത്. ഇരുവരുടെയും ഫോൺ ലൊക്കേഷൻ വീടിന് സമീപം തന്നെയായതിനാൽ ഈ പ്രദേശം ചുറ്റിപ്പറ്റി ആദ്യ ദിവസങ്ങളിൽ പരിശോധന നടത്തിയിരുന്നു. എന്നാൽ അന്ന് കണ്ടെത്തായിരുന്നില്ല. ഇന്ന്
രാവിലെ മുതൽ 52 അംഗ പൊലീസ് സംഘവും നാട്ടുകാരുമടക്കം വ്യാപക തെരച്ചിൽ നടത്തുന്നതിനിടെയാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. ഏക്കറുകളോളം വ്യാപിപ്പിച്ചുകിടക്കുന്ന പ്രദേശമായതിനാൽ തോട്ടത്തിലെ ഉൾഭാഗങ്ങളിലാണ് പൊലീസ് കൂടുതൽ തിരച്ചിൽ നടത്തിയിരുന്നത്.ഫെബ്രുവരി 12 മുതൽ പെൺകുട്ടിയെ കാണാനില്ലെന്നായിരുന്നു മാതാപിതാക്കൾ പരാതി നൽകിയിരുന്നത്. പൊലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.