News

വനിതകളുടെ ബജറ്റ് വിഹിതം വ്യാപകമായി വെട്ടിക്കുറച്ച് ധനമന്ത്രി കെ.എൻ. ബാലഗോപാൽ

വനിത ദിനം ആഘോഷിക്കുമ്പോൾ വനിതകളുടെ ബജറ്റ് വിഹിതം വ്യാപകമായി വെട്ടിക്കുറച്ച് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. പദ്ധതി വിഹിതത്തിലാണ് വ്യാപകമായ വെട്ടിക്കുറവ് നടത്തിയിരിക്കുന്നത്.

193.03 കോടിയായിരുന്നു വനിത ശിശു വികസന വകുപ്പിൻ്റെ 2024- 25 ലെ ബജറ്റ് വിഹിതം. ഇത് 115. 75 കോടിയായി വെട്ടിക്കുറച്ചു. വെട്ടിക്കുറച്ചത് 77.28 കോടി. വനിത ശിശു വികസന വകുപ്പ് മന്ത്രി വീണ ജോർജ് ഇത് സംബന്ധിച്ച ഉത്തരവും ഇറക്കി.

ജനുവരി 10 നാണ് വെട്ടിക്കുറച്ച പദ്ധതികൾ സംബന്ധിച്ച വീണ ജോർജിൻ്റെ വനിത ശിശു വികസന വകുപ്പിൽ നിന്ന് ഉത്തരവിറങ്ങിയത്. ഉത്തരവിൻ്റെ പകർപ്പ് മലയാളം മീഡിയ ലൈവിന് ലഭിച്ചു.

വെട്ടിക്കുറച്ച പ്രധാന പദ്ധതികൾ

  • നിർഭയ പദ്ധതികൾ – 10 കോടി ബജറ്റ് വിഹിതം 9.02 കോടിയായി വെട്ടിക്കുറച്ചു.
  • കൗമാരപ്രായത്തിലെ പെൺകുട്ടികൾക്ക് സാമൂഹ്യ മന:ശാസ്ത്ര സേവനം – 51 കോടി ബജറ്റ് വിഹിതം 26.68 കോടിയായി വെട്ടിക്കുറച്ചു.
  • നിർഭയ ഹോമുകളുടെ നിർമ്മാണം – 1.50 കോടിയായിരുന്നു ബജറ്റ് വിഹിതം. ഇത് പൂർണ്ണമായും വെട്ടിക്കുറച്ചു.
  • അക്രമങ്ങളിൽ നിന്ന് രക്ഷപ്പെട്ടവർക്കുള്ള ആശ്വാസ നിധി – 3 കോടി ബജറ്റ് വിഹിതം ഉണ്ടായിരുന്നത് 1.50 കോടിയായി വെട്ടിക്കുറച്ചു.
  • എൻ്റെ കൂട് – അഗതികൾക്കുള്ള രക്ഷാകേന്ദ്രം – 60 ലക്ഷം ബജറ്റ് വിഹിതം ഉണ്ടായിരുന്നത് 43 ലക്ഷമാക്കി വെട്ടിക്കുറച്ചു
  • അങ്കണവാടി കുട്ടികളുടെ ആഹാരത്തിൽ മുട്ടയും പാലും ഉൾപ്പെടുത്തുന്ന പദ്ധതി – 61.50 കോടി ബജറ്റ് വിഹിതം ഉണ്ടായിരുന്നത് 32.87 കോടിയായി വെട്ടിക്കുറച്ചു
  • കാവൽ , കരുതൽ, ശരണ ബാല്യം, ഭദ്രം, മാർഗ ജ്യോതി എന്നീ പദ്ധതികൾക്ക് 9 കോടിയായിരുന്നു ബജറ്റ് വിഹിതം. ഇത് 7.40 കോടിയായി വെട്ടി കുറച്ചു.
  • പ്രസവാനുകൂല്യ നിയമം അനുസരിച്ച് ജോലി സ്ഥലത്ത് ക്രഷുകൾ – 2.20 കോടിയായിരുന്ന ബജറ്റ് വിഹിതം 56 ലക്ഷമാക്കി വെട്ടിക്കുറച്ചു.
  • കോവിഡ് – 19 മഹാമാരി മൂലം അനാഥരായ കുട്ടികൾക്ക് ധനസഹായം – 1 കോടിയായിരുന്നു ബജറ്റ് വിഹിതം. ഇത് 48 ലക്ഷമാക്കി വെട്ടി കുറച്ചു. ഇതിൻ്റെ പകുതി പോലും കുട്ടികൾക്ക് നൽകിയിട്ടും ഇല്ല.