CrimeNews

മകനെ ഉപയോഗിച്ച് എംഡിഎംഎ വിൽപന: മുഹമ്മദ് ഷമീർ അറസ്റ്റില്‍

12 വയസ്സുകാരനായ മകനെ ഉപയോഗിച്ച് എംഡിഎംഎ വിൽപന നടത്തിവന്ന ആൾ പിടിയിൽ. തിരുവല്ല സ്വദേശി മുഹമ്മദ് ഷമീറാണ് പിടിയിലായത്. മകന്‌റെ ശരീരത്തിലും കൈമടക്കുകള്‍ക്ക് മുകളിലും ലഹരിപ്പൊതികൾ സെലോടേപ്പ് ഉപയോഗിച്ച് ഒട്ടിച്ചുവച്ചാണ് ഷമീർ ആവശ്യക്കാർക്ക് എത്തിച്ചുനൽകിയിരുന്നത്.

കുട്ടികളുടെ ദേഹപരിശോധന നടത്തില്ലെന്ന ധാരണയിലാണ് ഇയാൾ ഇങ്ങനെ ചെയ്തിരുന്നത്. സ്‌കൂൾ വിദ്യാർഥികൾക്കും മെഡിക്കൽ വിദ്യാർഥികൾക്കുമടക്കം ഷമീർ ഇത്തരത്തിൽ ലഹരി എത്തിച്ച് നൽകിയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.

പ്രതിയുടെ പക്കൽ കൂടുതൽ രാസലഹരി വസ്തുക്കള്‍ ഉള്ളതായി പൊലീസ് സംശയിക്കുന്നുണ്ട്. വിശദമായി ചോദ്യം ചെയ്യും. ഭാര്യവീട്ടിൽ നിന്നാണ് പ്രതിയെ പിടികൂടിയതെന്നും കൂടുതൽ അന്വേഷണം നടത്തുമെന്നും തിരുവല്ല ഡിവൈഎസ്‍പി എസ് അഷാദ് പറഞ്ഞു.

ദീർഘാനാളായി ഇയാളെ ലക്ഷ്യമിട്ട് പോലീസും എക്‌സൈസും പിന്നാലെയുണ്ടെങ്കിലും വിൽപന നടക്കുന്നിടങ്ങളിൽ ഇയാളുടെ സാന്നിദ്ധ്യമില്ലാതിരുന്നതാണ് പിടികൂടുന്നതിന് തടസ്സമായിരുന്നത്. മറ്റ് വരുമാന മാർഗങ്ങളൊന്നുമില്ലാതിരുന്ന ഷമീറിന്റെ വരുമാന മാർഗ്ഗം ലഹരി കച്ചവടം തന്നെയായിരുന്നു. ഇന്ന് വെളുപ്പിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ഇയാൾ മറ്റിടങ്ങളിൽ നിന്ന് തിരുവല്ലയിൽ എംഡിഎംഎ എത്തിക്കുകയും ഇയാളുടെ ഉപയോഗത്തിന് എടുക്കുകയും പിന്നീട് സ്‌കൂൾ കുട്ടികൾക്ക് അടക്കം വിൽപന നടത്തുകയുമായിരുന്നുവെന്നുമാണ് പോലീസ് പറയുന്നത്.