
കശുവണ്ടി തൊഴിലാളികളുടെ ഗ്രാറ്റുവിറ്റി കുടിശികയാക്കി കെ.എൻ. ബാലഗോപാൽ
- 2022 മുതൽ ഗ്രാറ്റുവിറ്റിയ്ക്കുള്ള തുക ബാലഗോപാൽ അനുവദിക്കുന്നില്ലെന്ന് മന്ത്രി പി രാജീവ്
കൊല്ലം ജില്ലയിൽ സംസ്ഥാന സമ്മേളനം നടക്കുമ്പോഴും കശുവണ്ടി തൊഴിലാളികളെ അവഗണിച്ച് കെ.എൻ. ബാലഗോപാൽ. പാവപ്പെട്ട കശുവണ്ടി തൊഴിലാളികൾക്ക് 3 വർഷമായി അർഹതപ്പെട്ട ഗ്രാറ്റുവിറ്റി പോലും ബാലഗോപാൽ കുടിശികയാക്കിയിരിക്കുകയാണ്.
വിരമിച്ച തൊഴിലാളികൾക്ക് ഗ്രാറ്റുവിറ്റി കൊടുക്കാതെ കശുവണ്ടി വികസന കോർപ്പറേഷൻ. ബജറ്റ് വിഹിതം പോലും കശുവണ്ടി വികസന കോർപ്പറേഷന് കെ.എൻ. ബാലഗോപാൽ അനുവദിക്കുന്നില്ല. 3.05 കോടിയായിരുന്നു 2024- 25 ലെ ബജറ്റ് വിഹിതം. ഈ തുക ബാലഗോപാൽ നൽകിയില്ലെന്ന് കശുവണ്ടി വികസന കോർപ്പറേഷനെ സംബന്ധിച്ച സബ്ജക്ട് കമ്മിറ്റിക്കുള്ള കുറിപ്പിൽ നിന്ന് വ്യക്തം.
2022, 2023, 2024 വർഷങ്ങളിൽ വിരമിച്ച തൊഴിലാളികൾക്ക് 8 കോടി രൂപയാണ് ഗ്രാറ്റുവിറ്റി കൊടുക്കാനുള്ളത്. കോർപ്പറേഷൻ നടത്തി വരുന്ന 30 ഫാക്ടറികളിൽ 20 എണ്ണം വാടകക്ക് എടുത്തിട്ടുള്ളതാണ്. ഈ ഫാക്ടറികൾ ന്യായമായ വില നൽകി ഏറ്റെടുത്ത് സ്വന്തമാക്കുകയോ ഉടമസ്ഥർക്ക് തിരികെ നൽകുകയോ ചെയ്യണമെന്നതാണ് സുപ്രീം കോടതി ഉത്തരവ്.

62.05 കോടി രൂപ ഇതിന് വേണമെന്നാണ് ജില്ലാ കളക്ടറുടെ റിപ്പോർട്ട്. 2025 – 26 ലും ബജറ്റ് വിഹിതം കഴിഞ്ഞ തവണത്തേതു പോലെ 3.05 കോടിയാണ് ബാലഗോപാൽ വകയിരുത്തിയിരിക്കുന്നത്.
ഗ്രാറ്റുവിറ്റി കൊടുക്കാനും വാടക കെട്ടിടങ്ങൾ ഏറ്റെടുക്കാനും ബജറ്റ് വിഹിതം 73.11 കോടിയായി ഉയർത്തണമെന്ന് മന്ത്രി പി. രാജീവ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇത്തവണയെങ്കിലും തൊഴിലാളികളുടെ കുടിശിക കൊടുക്കാൻ ബാലഗോപാൽ തയ്യാറാവുമോ എന്ന് കണ്ടറിയണം.